എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ട്രാക്കില്‍ ഇറക്കി ഇന്ത്യന്‍ റെയില്‍വേ ; പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍

തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ ട്രാക്കില്‍ ഇറക്കി ഇന്ത്യന്‍ റെയില്‍വേ. ‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

 

ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവര്‍ത്തിക്കുക. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയാണിത്.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്‌.

ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലെറ്റ് സംവിധാനം തുടങ്ങിയവയും ഇതില്‍ ഉണ്ടാകും.