പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കുപ്രസിദ്ധമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു. കാമുകനൊപ്പം ജീവിക്കാന്‍ പലപ്പോഴായി അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയ സൗമ്യ കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നു‌. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെയാണ് സൗമ്യ കൊലപ്പെടുത്തിയത്.

സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത്‌ ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം ഒടുവില്‍ നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചിരുന്നു. കുടിവെള്ളത്തിലെ പ്രശ്‌നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. സൗമ്യയെ(28) ഏപ്രില്‍ 24-നാണ് പോലീസ് അറസ്റ്റുചെയ്തത്. സൗമ്യ അഞ്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചിരുന്നു.

കുടുംബത്തിലെ മൂന്നുപേരും ദുരൂഹസാഹചര്യത്തില്‍ വിവിധ ആസ്പത്രികളിലാണ് മരിച്ചത്. ഇവര്‍ക്കെല്ലാം കൂട്ടിരിപ്പായി സൗമ്യയാണുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാതാപിതാക്കളെയും മകളെയും എലിവിഷം നല്‍കി കൊന്നശേഷം ഛര്‍ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സതേടിയ സൗമ്യയെ പോലീസ് പിന്നിട് അറസ്റ്റുചെയ്യുകയായിരുന്നു.