ദുരിതാശ്വാസ ഫണ്ട് കളക്ഷന്‍: പ്രമുഖ സംഘടനകള്‍ പരാജയം
പി പി ചെറിയാന്‍
ഡാളസ്: അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്ന സമസൃഷ്ടങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണം ക്രോഡീകരിക്കുന്നതില്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ പ്രമുഖ സംഘടനകള്‍ തികച്ചും പരാജയപ്പെടുന്നതായാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടകാണിക്കുന്നത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍, പ്രധാന അബ്രല സംഘടനകളാണെന്നഭിമാനിക്കുന്ന ഫോമയിലോ ഫൊക്കാനയിലോ അംഗങ്ങളാണെന്നു അവകാശപ്പെടുന്നു. ഈ സംഘടനകളെ തിരഞ്ഞെടുപ്പിനു മാത്രം ഉപയോഗിക്കുന്ന തലത്തിലേക്ക് അംബ്രല്ല സംഘടനകള്‍ അധംപതിച്ചിരിക്കുന്നു
കേരള ചരിത്രത്തില്‍ നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മഹാ പ്രളയത്തെ നേരിടേണ്ടിവന്നപ്പോള്‍ കിടപ്പാടങള്‍ നഷ്ടപെട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെയും ദുരിതം അനുഭവിക്കേണ്ടിവന്ന സ്വസഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നൊരു ദൗത്യം മാത്രമാണ് അമേരിക്കന്‍ മലയാളികള്‍ക്ക് കരണീയമായിട്ടുണ്ടായിരുന്നത്.
കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അമേരിക്കയിലെ ഏകദേശം മുപ്പതോളം സംഘടനകളാണ് ദുരിതാശ്വാസ ഫണ്ട് രൂപീകരി്ക്കുന്നതായി മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടൊപ്പം ഫോമ, ഫൊക്കാന വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളും ഫണ്ട് കളക്ഷന്‍ നടത്തുന്നതായി പ്രഖ്യാപിച്ചു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം സംഘടനകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ചില വ്യക്തിളും അവരുടേതായി ഫണ്ട് പിരിവ് നടത്തുന്നതായും അറിയിപ്പുണ്ടായി.
ഇതില്‍ നിന്നും വ്യത്യസ്ഥമായി ചിക്കാഗോയില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ ഫേസ്ബുക്കിലൂടെ ഫണ്ട് പിരിവിനുള്ള ആഹ്വാനവും നല്‍കിയിരുന്നു.
ഇവരുടെയൊക്കെ നല്ല മനസ്സിനെ എത്രമാത്രം പ്രശംസിച്ചാലും മതിവരില്ല. ഏകദേശം ഒരു വര്‍ഷം മുമ്പ് ഇതേ സമയം ഹൂസ്റ്റണില്‍ ഹരികെയ്ന്‍ ഹാര്‍വി സംഹാര താണ്ഡവമാടിയപ്പോള്‍ ഇതേ സംഘടനകളും, വ്യക്തികളും പിരിവുമായി രംഗത്തെത്തിയിരുന്നതു വിസ്മരിക്കുന്നില്ല.
അമ്പതിനായിരം, ഒരു മില്യണ്‍, 5 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് വ്യക്തികളും, സംഘടനകളും ആരംഭിച്ച ഫണ്ട് കളക്ഷന്‍ എവിടെവരെയെത്തിയെന്നോ, അത് ആര്‍ക്കൊക്കെ ലഭിച്ചുവെന്നോ, നല്‍കിയെന്നോ ഫണ്ട് പിരിക്കുന്നതിന് കാണിച്ച താല്‍പര്യത്തോടെ സഘാടകര്‍ പൊതുജനങ്ങളെ അറിയിക്കുവാന്‍ താല്‍പര്യമെടുത്തില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
ഇതില്‍ നിന്നും ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകണം.
ഹൂസ്റ്റണിലോ, കേരളത്തിലോ മറ്റേതെങ്കിലും രാജ്യത്തിലോ നടന്നത് പ്രകൃതി ദുരന്തങ്ങളുടെ അവസാനമാണെന്നു കരുതാനാവില്ല ഇത് ഇനിയും ആവര്‍ത്തിക്കപ്പെടാം.
ഇത്തരം സംഭവങ്ങളില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിയാത്തവരാണ് നമ്മില്‍ പലരും. നമുക്ക് ലഭിച്ചിരിക്കുന്ന സമൃദ്ധിയില്‍ നിന്നോ ഇല്ലായ്മയില്‍ നിന്നോ ഒരു പങ്ക് ഇവര്‍ക്കായി മാറ്റിവെകുന്നവര്‍ അതു അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. ഇത് ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ഏതെങ്കിലും ഒരു സംഘടന ഇതിന്റെ നേതൃത്തം ഏറ്റെടുക്കാന്‍ തയാറാകണം. മതങ്ങളെ ഇതില്‍ നിന്നും മാറ്റി നിര്‍ത്താം. എന്നാല്‍ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ ഇതിന് മുന്നോട്ട് വന്നേ മതിയാകുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രകടിപ്പിക്കുന്ന ഐക്യം വേദനയനുഭവിക്കുന്ന വര്‍ക്, ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു ശക്തി ദുര്‍ഗമായിമാറണം.
ഇന്ത്യ പ്രസ്സ് ക്ലമ്പ് ഓഫ് നോര്‍ത്ത് അമേരിക്കാ അടുത്തിടെ അമേരിക്കയിലെ പ്രധാന സംഘടനകളുടെ ഒരു ഐക്യ വേദി സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരുന്നു.
ഈ വേദിയിലൂടെയായിരുന്ന കേരള ദുരിതാശ്വാസ ഫണ്ട് രൂപീകരണം നടന്നിരുന്നതെങ്കില്‍ അത് പ്രത്യേകം പ്രശംസിക്കപ്പെടുമായിരുന്നു.
ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ ദുരിതാശ്വാസ ഫണ്ട് രൂപീകരണം പ്രഖ്യാപിച്ചിട്ടും, എന്തുകൊണ്ടാണ് ചിക്കാഗൊയില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ ആദ്യം പ്രഖ്യാപിച്ചതിന്റെ നാലിരട്ടി (ഏകദേശം പത്ത് കോടി) പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതെന്ന് നാം വിലയിരുത്തേണ്ടതാണ്. മുന്‍പ് പേര് പറഞ്ഞ സംഘടനകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാലതു അംഗീകരിക്കാനാകുമോ? ഇവര്‍ നടത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയയും പ്രശംസനീയവുമാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയുമില്ല.