പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കും : സിബിഎസ്ഇ
പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. ശേഷം എത്രയും വേഗത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.
2004 നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു. വെബ്സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇവ ലഭ്യമാവുക. ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും.
കേരളത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്. പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. ചിലര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയെങ്കിലും വെള്ളത്തില്‍ക്കിടന്ന് ഉപയോഗശൂന്യമായി. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതു മൂലം ഉപരിപഠനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്.