പ്രളയത്തിലും മനുഷ്യത്വം ഇല്ലാത്ത ക്രൂരത ; പ്രളയസമയത്ത് ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്ന പിതൃസഹോദരന്‍ അറസ്റ്റില്‍

പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കുവാനുള്ള നെട്ടോട്ടത്തിലായിരുന്നു മനുഷ്യര്‍. എന്നാല്‍ അതിനിടയിലും മനുഷ്യത്വം ഇല്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് മലപ്പുറത്ത്‌ നിന്നും വരുന്നത്. മേലാറ്റൂര്‍ എടയാറ്റൂരില്‍ സ്വന്തം സഹോദരന്റെ മകനായ ഒമ്പതുവയസ്സുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍.

നാലാംക്ലാസ് വിദ്യാര്‍ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം-ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് പ്രതി മുഹമ്മദ് പുഴയിലെറിഞ്ഞത്. ആനക്കയം പാലത്തിനു മുകളില്‍നിന്ന് കടലുണ്ടി പുഴയിലേക്കാണ് ഇയാള്‍ കുട്ടിയെ പ്രളയസമയത്ത് വലിച്ചെറിഞ്ഞത്. ഈ മാസം പതിമൂന്നു മുതല്‍ ഷഹീനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. മാതാപിതാക്കളില്‍നിന്നു പണം തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.

രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഹമ്മദ് പോലീസിനോടു പറഞ്ഞു. ബൈക്കില്‍ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളിലെല്ലാം മുഹമ്മദ് പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.