സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് രാജ്യത്തിന്റെ പരമോന്ന പദവിയിലിരിക്കുന്ന താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് . സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍, പ്രസിഡന്റ്, സെനറ്റ് ചെയര്‍മാന്‍, മുഖ്യമന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവര്‍ക്കാണ് വിലക്കെര്‍പ്പെടുത്തിയതെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനമെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സൈനിക മേധാവികള്‍ക്ക് ഫസ്റ്റ് ക്ലാസ് യാതയ്ക്ക് അനുമതിയില്ല. അവര്‍ക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ മാത്രമേ അനുമതിയുള്ളു. ആഭ്യന്തര യാത്രയ്ക്കും വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നതും നിര്‍ത്തലാക്കിയതായി ചൗധരി കൂട്ടിച്ചേര്‍ത്തു.
വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 5,100 കോടി രൂപയാണ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയോഗിച്ച് ചിലവാക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക വസതിയുടെ ചെറിയഭാഗം മാത്രമേ ഉപയോഗിക്കുള്ളുവെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങളും രണ്ട് അനുനായികളും മാത്രം മതിയെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.