കേരളത്തിന് സഹായവുമായി ബില്‍ ഗേറ്റ്സും ഭാര്യയും ; നല്‍കുന്നത് നാലുകോടി
വാഷിങ്ടണ്‍: കേരളത്തിന് കൈത്താങ്ങായി ലോക കോടീശ്വരന്‍ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി നാല് കോടി രൂപ കേരളത്തിന് സഹായമായി നല്‍കുന്നു.
യൂനിസെഫിന് കൈമാറുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കും എന്‍ജിഒകള്‍ക്കും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന രോ?ഗങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ പടരുന്നത് നിയന്ത്രിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും എന്‍ജിഒയെയും ഈ തുക സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
യുഎന്‍ വഴിയാണ് ഫൗണ്ടേഷന്‍ മിക്ക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുള്ളത്. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍. ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. ഇതിനായി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുമെന്ന് ബില്‍ ഗേറ്റ്സ് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.