ഇന്ധന ക്ഷാമം ; കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത പ്രതിസന്ധി

രൂക്ഷമായ ഇന്ധനക്ഷാമത്തിനെ തുടര്‍ന്ന്‍ കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു. ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങി. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ അറിയിച്ചു. അതുപോലെ കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഞായറാഴ്ച സൂചന നല്‍കിയിരുന്നു.

ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമാണ്. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ദീര്‍ഘദൂര ബസുകള്‍ പലതും ഇന്ധനക്ഷാമം മൂലം വഴിയില്‍ കുടുങ്ങിയിട്ടുണ്ട്. ബസിലെ ജീവനക്കാരും യാത്രക്കാരും യാത്രമുടങ്ങിയ അവസ്ഥയിലാണ്. പല രീതിയില്‍ കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി.

ഓണക്കാലത്ത് പ്രതിസന്ധി കെ.എസ്.ആര്‍.ടി. സിയുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും. തിരുവിതാംകൂര്‍ മേഖല പോലെ കെ.എസ്.ആര്‍.ടി.സിയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങളില്‍ ഗതാഗതപ്രശ്നം ഉണ്ടായ അവസ്ഥയാണ്. സര്‍ക്കാരില്‍നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത സ്ഥിതിയാണ് ഇപ്പോള്‍.