പ്രളയം ; പത്തനംതിട്ടയില്‍ മാത്രം നഷ്ടം 1488 കോടി

സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം 1488 കോടിയുടെ നഷ്ടമെന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 68 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 58,500 കര്‍ഷകരെ പ്രളയം ബാധിച്ചു. സപ്ലൈക്കോയ്ക്ക് 12.07 കോടി രൂപയുടേയും വൈദ്യുതി ബോര്‍ഡിന് 25 കോടിയുടെയും നാശനഷ്ടമുണ്ടായി.

ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനാണ്. റോഡുകള്‍ തകര്‍ന്നത് മൂലം പൊതുമരാമത്ത് വകുപ്പിന് 800 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപോര്‍ട്ടില്‍ പറയുന്നു. മഴയെ കനത്തത് കാരണം മുന്നറിയിപ്പ് ഇല്ലാതെ ഡാമുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ഒറ്റരാത്രിയിലാണ് പത്തനംതിട്ട ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത്.

പമ്പയും അച്ചന്‍കോവിലാറിലും വെള്ളംകയറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് വീടുവിട്ട് പോകേണ്ടിവന്നിരുന്നു. ഡാമുകള്‍ ഉയര്‍ത്തിയതില്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്ന് രാജു എബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.