ഏഷ്യന്‍ ഗെയിംസ് ; ഇന്ത്യയുടെ മെഡല്‍ നേട്ടം അന്‍പത് ആയി

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം 50 ആയി. 4X400 മീറ്റര്‍ മിക്സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീമിന് വെള്ളി ലഭിച്ചു.

അനസിനെ കൂടാതെ പൂവമ്മ, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്. ബഹ്റൈനാണ് സ്വര്‍ണം. കസാഖ്സ്താനാണ് വെങ്കലം. ഗെയിംസില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

അമ്പെയ്ത്ത് കോമ്പൗണ്ട് ഫൈനലില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും ഇന്ത്യന്‍ പുരുഷ ടീം വെങ്കലം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്.

എന്നാല്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ചൈനീസ് തായ്പെയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങിനോടു തോറ്റു. വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ സിന്ധുവിനായി.