പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ വീണ്ടും സജീവമാകുന്നു ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മൌനം
ഇടുക്കി : പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ വീണ്ടും റിസോര്‍ട്ട് മാഫിയ സജീവമാക്കുന്നു. പ്രളയത്തെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ച റിസോര്‍ട്ടുകള്‍ പലതും കാലാവസ്ഥ മാറിയതോടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അതീവ പ്രകൃതിദുര്‍ബലമേഖലയായ മൂന്നാറില്‍ പ്രളയാനന്തരമെങ്കിലും നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. വിനോദ സഞ്ചാര മേഖലയായ മൂന്നാറില്‍ സന്ദര്‍ശകരെ തിരുകി കയറ്റുന്നതിനുള്ള പരിപാടികളാണ് ഇത്തരം ചില സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചപ്പോള്‍ അതിലൊന്നും പങ്കാളികളാകാതെ മാറിനിന്ന പല റിസോര്‍ട്ടുകളും സംഘടനകളും ഇപ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു, സൈന്യം, രാഷ്ട്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രളയം മൂന്നാറിനെ വേട്ടയാടിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തുടര്‍ന്നുള്ള ദിനങ്ങളില്‍ ക്യാമ്പുകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ഇതേ സേനകളും സന്നദ്ധപ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി ആവശ്യസാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. മഴ മാറിയതോടെ മുതിരപ്പുഴയടക്കം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ഇതെല്ലാം കഴിഞ്ഞപ്പോള്‍ ആണ് ശുചീകരണത്തിന്റെ പേരില്‍ മൂന്നാറിലെ ചില റിസോര്‍ട്ടുകളും സംഘടനകളും രംഗത്തെത്തിയത്.
മഴ ശക്തമായതോടെ വ്യാപാരികള്‍ പലരും തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവരുടെ പങ്കാളിത്വത്തോടെ മൂന്നാര്‍ ശുചീകരിക്കുകയാണ് ഇക്കൂട്ടര്‍. 32 ഓളം വരുന്ന സംഘടനകളാണ് മൂന്നു ദിവസമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ ചില സംഘടനകള്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകിയവരാണ്. എന്നാല്‍ മറ്റുള്ളവരെ ആരെയും പ്രളയ സമയത്ത് ആരും കണ്ടിരുന്നില്ല.
മൂന്നാറിലെ മണ്ണിടിച്ചുലിനും ഉരുള്‍പൊട്ടലിനും കാരണം മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തന്നയാണ്. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മാണം നടത്തിയ മലകള്‍ പലതും കാലവര്‍ഷത്തില്‍ നിലംപൊത്തി. അനധികൃത നിര്‍മ്മാണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ സറ്റോപ്പ് മെമ്മോകള്‍ നല്‍കിയ റിസോര്‍ട്ടുകള്‍ പലതും അപകടത്തിന്റെ വക്കിലാണ്. പ്രളയത്തില്‍ തകര്‍ന്നതും പുറത്തു വന്നതുമായ അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണങ്ങളും സംരക്ഷിക്കാനും പുനസ്ഥാപിക്കാനുമുള്ള മറയായിട്ടാണ് പലരും സാമൂഹ്യസേവനത്തിന്റെ മറ പിടിച്ചതെന്നാണ് സൂചന.
റിസോര്‍ട്ടിന്റെ സമീപത്ത് താമസിച്ച നൂറു കണക്കിന് ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. മൂന്നാര്‍, പള്ളിവാസല്‍, രണ്ടാം മൈല്‍, ആനച്ചാല്‍ മേഘലകളിലാണ് 500 ബഹുനില കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരം നിര്‍മ്മാണങ്ങളുടെ പരിണിത ഫലങ്ങള്‍ അനുഭവിച്ചത് സാധരണക്കാരാണ്. നല്ലതണ്ണി സ്‌കൂളിന് സമീപത്ത് മലയിടിച്ച് റോഡ് നിര്‍മ്മിച്ചത് അവിടെ മണ്ണിടിച്ചിലിന് കാരണമാകുകയും 4 പേര്‍ മരിക്കാന്‍ ഇടയാക്കുകയും ചെയ്തു.
മറ്റുള്ള മേഖലകളിലെ സ്ഥിതിയും മറിച്ചല്ല.റോഡുകള്‍ തകര്‍ന്നതോടെ മൂന്നാറിലെ ടൂറിസം ഇല്ലാതായി. ഇവിടേക്ക് വീണ്ടും സന്ദര്‍ശരെ എത്തിച്ച് സ്വന്തം കെട്ടിടങ്ങള്‍ നിറക്കുന്നതിനുള്ള നടപടികളാണ് ക്ലീനിംങ്ങിന്റെ പേരില്‍ ഒരുവിഭാഗം റിസോര്‍ട്ട് ഉടമകള്‍ നടത്തുന്നത്. ഇതൊക്കെ അറിഞ്ഞിട്ടും അധികാരികള്‍ കണ്ണടയ്ക്കുന്നു എന്നത് അടുത്ത ദുരന്തതിനെ വിളിച്ചു വരുത്തുന്നതിന് സമമാണ്.