വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രയാണത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ മുതുകാടും, മുരളി തുമ്മാരുകുടിയും
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ ഡബ്ലിയു.എം.എഫിന്റെ മുന്നോട്ടുള്ള ഗതിയില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നു. ഏല്ലാ ഭൂഖണ്ഡങ്ങളിലുമായി തൊണ്ണൂറോളം രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉള്ള ഡബ്ലിയുഎംഎഫ് ലോകപ്രശസ്തരായ രണ്ടു പ്രഗത്ഭരെ സംഘടനയുടെ മെന്റോര്‍മാരായി (ഉപദേഷ്ടാക്കള്‍) തെരഞ്ഞെടുത്തു.
നിരന്തരം ആവിഷ്‌ക്കരിച്ചു പ്രാവര്‍ത്തികമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സേവന പ്രൊജെക്ടുകളിലും വ്യക്തിത്വ – കൂട്ടായ്മ വികസന സംരംഭങ്ങളിലും സംഘടനയെ നിരീക്ഷിച്ചു അവസര – കാലോചിതമായ ഉപദേശങ്ങളും ആശയങ്ങളും നല്‍കുക എന്നതുകൂടാതെ ഡബ്ലിയുഎംഎഫ് അതിന്റെ എല്ലാ പ്രവര്‍ത്തന രംഗങ്ങളിലും ലക്ഷ്യങ്ങള്‍ വിടാതെ മാര്‍ഗവ്യതിയാനം വരാതെ വളരുവാന്‍ ജാഗ്രതാപൂര്‍വം നിലകൊള്ളുക എന്നതും അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും.
‘ഇന്ന് തന്നെ കഴിവിന്റെ പരമാവധി കാഴ്ചവച്ചാല്‍ നാളെ നിനക്ക് ദുഖിക്കേണ്ടിവരില്ല, കാരണം ജീവിതത്തിലും മാജിക്കിലും രണ്ടാമതൊരു അവസരം ഇല്ല’ എന്ന സാരോപദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കുന്ന ഗോപിനാഥ് മുതുകാടും, പരിസ്ഥിതി ശാസ്ത്രത്തില്‍ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‌സ്ടിട്യൂട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എഞ്ചിനീയറിംഗ് ഡോക്ടറേറ്റ് ബിരുദം നേടിയ അന്തരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുരളി തുമ്മാരുകുടിയുമാണ് സംഘടനയുടെ രണ്ടു മെന്റര്‍മാര്‍.
പത്തു വയസു തൊട്ടു മാജിക്കുകള്‍ കാണിച്ചു കാണികളെ വിസ്മയം കൊള്ളിച്ച മുതുകാടിന്റെ പ്രാഗല്‍ഭ്യം മാജിക്കിലും വിസ്മയത്തിലും ഒതുങ്ങി നിന്നില്ല. മാജിക്കിന് ഒരു ദൗത്യം കൊടുത്തുകൊണ്ട് അദ്ദേഹം എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും സംഘടനകളെയും ‘മനുഷ്യത്വം’ എന്ന മഹനീയതയിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. 1995 ഇല്‍ കേരളം സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡിന് അത് ലഭിക്കുന്ന ആദ്യത്തെ മജീഷ്യന്‍ എന്ന നിലയില്‍ ശ്രീ ഗോപിനാഥ് മുതുകാട് അര്‍ഹനായി. 1996 ഇല്‍ ‚മാജിക് അക്കാഡമി’, 2014 ഇല്‍ ‚മാജിക് പ്ലാനറ്റ്’ എന്നീ അപൂര്‍വ പ്രശസ്ത സ്ഥാപനങ്ങള്‍ തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യപ്പെട്ടു. 2016 ജനുവരി മുതല്‍ 2018 ജനുവരി വരെ ഗോപിനാഥ് മുതുകാട് കുട്ടികള്‍ക്കുവേണ്ടിയുള്ള ‘സെലിബ്രിറ്റി യുണിസെഫ് അഡ്വക്കേറ്റ്’ ആയിരുന്നു – ഒരു മലയാളിക്ക് ആദ്യമായി കിട്ടുന്നതാണ് ഈ ബഹുമതി. ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിലെ‚ ഇലക്ഷന്‍ ഐക്കോണ്‍’ ആയി തെരഞ്ഞെടുത്തിട്ടുണ്ട് എന്നത് അഖിലേന്ത്യ നിലവാരത്തിലുള്ള ഒരു അംഗീകാരം തന്നെയാണ് അദ്ദേഹത്തിന്. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ സമുദായത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടുകൂടി ‘MPower’ എന്ന പേരില്‍ അത്തരം കുട്ടികളുടെ ഒരു ഒരു മാജിക് ടീമിന് തന്നെ അദ്ദേഹം രൂപം കൊടുത്തു. ഇന്ത്യക്കകത്തും പുറത്തുമായി 8000 ത്തോളം സദസ്സുകളുടെ മുന്‍പില്‍ അദ്ദേഹം പ്രകടനങ്ങളും പ്രഭാഷണങ്ങളും സമര്‍പ്പിച്ചു കാണികളെ വിസ്മയഭരിതരാക്കിയിട്ടുണ്ട്, മനുഷ്യത്വത്തിലേക്കു നയിച്ചിട്ടുണ്ട്.
യു. എന്‍. പരിസ്ഥിതി പ്രോഗാമില്‍ അത്യാഹിത ദുരന്ത ലഘൂകരണ വകുപ്പിന്റെ മേധാവിയായ ഡോ. മുരളി തുമ്മാരുകുടി പരിസ്ഥിതി ശാസ്ത്രത്തില്‍ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‌സ്ടിട്യൂട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എഞ്ചിനീയറിംഗ് ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം ഷെല്‍ കമ്പനിയുടെ പരിസ്ഥിതി ഉപദേശകനായി തെക്കു – കിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഏഷ്യയിലും സേവനം ചെയ്തിട്ടുണ്ട്. 2009 മുതല്‍ യു.എന്‍ പരിസ്ഥിതി വകുപ്പില്‍ പ്രവേശിച്ചു സ്വിറ്റ്സര്‍ലണ്ടിലെ ജനീവ ആസ്ഥാനമായി സേവനം അനുഷ്ടിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ എല്ലാ വന്‍കിട അത്യാഹിതങ്ങളിലും, 2004-ലെ സുനാമി മുതല്‍ 2018-ലെ ഹൈറ്റി ഭൂകമ്പം വരെയും, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, സിറിയ മുതലായ രാജ്യങ്ങളിലെ യുദ്ധാനന്തര പ്രദേശങ്ങളിലെയും ഡോ. മുരളി ദുരന്തലഘൂകരണത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിയന്നയിലെ അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി കമ്മീഷന്റെ സുരക്ഷാനിബന്ധനകള്‍ക്കായുള്ള കമ്മിറ്റിയില്‍ അംഗമാണ് ഡോ. മുരളി. കൂടാതെ ജര്‍മനിയിലെ കൊളോണ്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപദേശക സമിതിയിലും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. അന്താരാഷ്ട്ര പ്രതിസന്ധികളില്‍ സ്വന്തം സുരക്ഷ പോലും മറന്നു സേവനത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഡോ. മുരളിക്ക് ഈ ചുമതലകള്‍ ഒരു ഉദ്യോഗം എന്നതിനേക്കാള്‍ ഒരു ജീവിതദൗത്യം കൂടിയാണ്. ഒട്ടേറെ സങ്കീര്‍ണമായ ദൈനംദിന പരിപാടികള്‍ക്കിടയിലും അദ്ദേഹം മലയാളികളില്‍ നിന്നും മലയാളനാട്ടില്‍ നിന്നും ഒട്ടും അകന്നിട്ടില്ല എന്ന് മാത്രമല്ല, അല്പം സമയം കിട്ടുമ്പോളെല്ലാം നാടിനോടും നാട്ടാരോടും സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ‘മാതൃഭൂമി’യില്‍ സരളസുന്ദരമായ ഭാഷയില്‍ ഡോ. മുരളി ദൈനംദിന ജീവിതപ്രശ്‌നങ്ങളെപ്പറ്റി സ്വന്തം അനുഭവങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടു എഴുതിത്തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഓരോ അനുഭവങ്ങളെയും വിലയിരുത്തി അതില്‍നിന്നു തന്റെ വായനക്കാര്‍ക്കു രസകരവും ഏറെ ഉപകാരപ്രദവും ആയ വസ്തുതകള്‍ കാണിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
വേള്‍ഡ് മലയാളീ ഫെഡറേഷന്റെ വളര്‍ച്ചയില്‍ ഒരു പുതിയ നാഴികക്കല്ലായി തീരും ഗോപിനാഥ് മുതുകാടിനേയും ഡോ. മുരളി തുമ്മാരുകുടിയേയും മെന്റ്റര്‍മാരായി തെരഞ്ഞെടുത്തത് എന്ന് സംഘടനയുടെ ഗ്ലോബല്‍ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. സംഘടനയുടെ വ്യാപക വൈശിഷ്ട്യം വര്‍ധിപ്പിച്ചു ആഗോള മലയാളികളുടെ ഏറ്റവും പ്രബലമായ മുന്നേറ്റമായി എല്ലാ രംഗത്തും പ്രശോഭിക്കുക എന്ന ലക്ഷ്യത്തിലേക്കു ഈ രണ്ടു പ്രഗത്ഭരായ വ്യക്തികള്‍ സംഘടനയുടെ കൂടെ ഉണ്ടായിരിക്കും എന്ന് ഡബ്ലിയുഎംഎഫിന്റെ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Report compiled by Varghese Panjikaran (WMF Global Coordinator)