പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്

പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തിന് ശേഷം ഇന്‍ഷൂറന്‍സ് അപേക്ഷയുമായി എത്തിയാളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടു. യൂണിവേഴ്‌സല്‍ സാംബോ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ ഉമാ മഹേശ്വര റാവുവാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

കൊടുങ്ങലൂരിലെ ടയര്‍ അലൈന്‍മെന്റ് കട നടത്തുന്ന ഷിഹാബിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

15 ലക്ഷത്തിന്റെ നഷ്ടപരിഹാരത്തിന് ഉദ്യോഗസ്ഥര്‍ ആറുലക്ഷമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസം നല്‍കുന്നതിന് നടപടികള്‍ ലഘൂകരിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തി കൊണ്ടുള്ള അഴിമതിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ ഷിഹാബിന്റെ കടയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ പറ്റി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. 60 ലക്ഷം രൂപയ്ക്കാണ് ഷിഹാബ് കട ഇന്‍ഷ്വര്‍ ചെയ്തിരുന്നത് എന്നാല്‍ 15 ലക്ഷം മാത്രമേ നല്‍കാനാവുവെന്നും 60 ലക്ഷം രൂപ ലഭിക്കില്ല എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടാതെ 15 ലക്ഷം നല്‍കണമെങ്കില്‍ 40 ശതമാനം കൈക്കൂലിയായി നല്‍കണമെന്നാണ് ഉമാ മഹേശ്വര റാവു പറഞ്ഞത്. ആദ്യ ഘട്ട കൂടികാഴ്ചയ്ക്ക് ശേഷം വീണ്ടും കാണാനായി തിങ്കളാഴ്ച്ച തൃശ്ശൂര്‍ എം.ജി റോഡിനടുത്തുള്ള ഹോട്ടല്‍ മുറിയിലേക്ക് ഷിഹാബിനെ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൈക്കൂലി ആവശ്യപ്പെടുന്ന ദ്യശ്യങ്ങള്‍ എടുത്തത്. ഏറെ നേരത്തെ സംസാരത്തിനു ശേഷം 40 ശതമാനം കൈക്കൂലി എന്നുള്ളത് 30 ശതമാനമാക്കാം എന്ന് ഉമാ മഹേശ്വര റാവു പറഞ്ഞു. എന്നാല്‍ സംസാരത്തിനു ശേഷം ഇവര്‍ കൈക്കൂലി കൊടുക്കാതെ എറണാകുളം സെന്റട്രല്‍ പോലീസിനെ സമീപിക്കുകയും വീഡിയോ സമര്‍പ്പിക്കുകയും ചെയ്തു.