കനത്ത മഴ പെയ്യും എന്ന് കേരളത്തിന്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

ഇത്തവണ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര സെക്രട്ടറി എം രാജീവന്‍. ഡാമുകള്‍ ഒന്നിച്ചു തുറന്നതല്ല പ്രളയകാരണമെന്ന ജലകമ്മീഷന്റെ വാദം തള്ളിയ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് റെഡ് അലര്‍ട്ടാണ് നല്‍കിയിരുന്നത് എന്നും വെളിപ്പെടുത്തി. പ്രവചനം ഇല്ലായിരുന്നു എന്ന വാദം അടിസ്ഥാന രഹിതമാണ്. കനത്തമഴ മാത്രമല്ല പ്രളയത്തിന് കാരണം. ഡാമുകള്‍ തുറന്നതും പ്രളയത്തിനിടയാക്കി. കാലാവസ്ഥ പ്രവചനം ഗൗരവമായി എടുക്കാന്‍ കേരളം തയ്യാറാവണമെന്നും രാജീവന്‍ വ്യക്തമാക്കി.

അതേസമയം പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നത് കേന്ദ്ര ജലകമ്മീഷനാണെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറയുന്നു. അതിനുള്ള സംവിധാനങ്ങള്‍ കേരളത്തിലില്ല. വൈദ്യതി ബോര്‍ഡിനെ കുറ്റപ്പെടുത്തരുതെന്നും എന്‍എസ് പിള്ള പറഞ്ഞു.

എന്നാല്‍ പ്രളയത്തിന് കാരണമായത് ഡാമുകള്‍ തുറന്നുവിട്ടതല്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര പറഞ്ഞിരുന്നു. മഹാപ്രളയത്തിന് കാരണമായത് അപ്രതീക്ഷതവും ശക്തവുമായ മഴയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ ദുരിതം വര്‍ധിപ്പിച്ചു. വികലമായ വികസന നയവും കയ്യേറ്റങ്ങളും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര അറിയിച്ചിരുന്നു.