പ്രളയകാലത്ത് വ്യത്യസ്തമായ ശിക്ഷാവിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി : പ്രളയ കാലത്ത് വ്യതസ്തമായ ശിക്ഷാവിധി പ്രസ്താവിച്ചിരിക്കുകയാണ് സുപ്രീംകോടതി. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് സുപ്രീം കോടതി വേറിട്ട പിഴ ശിക്ഷ നല്‍കിയത്. പ്രളയ ദുരിത ബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ മെഡിക്കല്‍ കോളേജ് നല്‍കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

2017 വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനത്തിലുണ്ടായ വീഴ്ച സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 20 ന് മുന്‍പ് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കുംഭകോണ കേസ് വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാഷ്ട്രീയ ജനദാതള്‍ എം എല്‍ എ ഭോല യാദവിബതിരായ കോടതിയലക്ഷ്യ കേസിലും ജാര്‍ഖണ്ഡ് ഹൈക്കോടതി ഉപാധികളോടെ 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.