മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക് ; ഇതുവരെ എത്തിയത് 1027 കോടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു. 1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്‌മെന്റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ചു.
ഓഗസ്റ്റ് ഒന്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്റെ ഒഴുക്കും വര്‍ദ്ധിച്ചത്.
ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും സമ്പന്നമാകുമെന്നാണ് സൂചന. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വീകരിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ തുകയുടെ വിശദവിവരങ്ങള്‍ക്ക്: bit.ly/cmdrfstats