നോട്ട് നിരോധനം സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള ഏറ്റവും വലിയ അഴിമതി : രാഹുല്‍ഗാന്ധി
നിരോധിക്കപ്പെട്ട 500 , 1000 രൂപ നോട്ടുകളുടെ 99 .3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം സര്‍ക്കാരിന്റെ പിഴവല്ലെന്നും കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്നും രാഹുല്‍ ആരോപിച്ചു.
നോട്ട് നിരോധനത്തിലൂടെ വലിയ ഒരു അഴിമതിയാണ് നടന്നത്. സര്‍ക്കാരിന്‍രെ അടുപ്പക്കാരായ വ്യവസായികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ നോട്ട് നിരോധനം വഴി സാഹചര്യമൊരുക്കി. അമിത് ഷാ ഡയറക്ടര്‍ ആയ ഗുജറാത്തിലെ ഒരു സഹകരണ ബാങ്ക് 7000 കോടി രൂപയാണ് നോട്ടു നിരോധത്തിന് ശേഷം വെളുപ്പിച്ചെടുത്തത്. സാധാരണക്കാരന്റെ കയ്യിലുള്ള പണം കവര്‍ന്ന് സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
കള്ളപ്പണവും കള്ളനോട്ടും തീവ്രവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും അവസാനിക്കുമെന്നാണ് മോദി രാജ്യത്തിന് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഈ മൂന്ന് മേഖലകളിലും നോട്ട് അസാധുവാക്കല്‍ നീക്കം പരാജയപ്പെട്ടുവെന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞ് നടക്കുന്നത് ശരിയാണ്. 70 വര്‍ഷത്തിനിടയില്‍ നടന്നിട്ടില്ലാത്ത അഴിമതിയാണ് മോദി നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു.
റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് നിരോധിക്കപ്പെട്ട 500 , 1000 രൂപ നോട്ടുകളുടെ 99 .3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചത്. 15 .31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഇപ്രകാരം തിരിച്ചെത്തിയത്. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്.
ആറ് മുതല്‍ ഏഴു ശതമാനം നോട്ടുകള്‍ തിരിച്ചു വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയ്ക്കായുള്ള നീക്കം അമ്പേ പാളി എന്നത് ഉറപ്പായി. നോട്ടുകള്‍ തിരിച്ചെത്തിയെന്ന ആര്‍ ബി ഐ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കറന്‍സിയായി കള്ളപ്പണം ഇല്ലായിരുന്നു എന്ന് സമ്മതിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.