കൂട്ടക്കൊല കേസ് പ്രതി സൌമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവം ; ഉണ്ടായത് ഗുരുതര വീഴ്ച്ച

കുപ്രസിദ്ധമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൂപ്രണ്ട് ഉള്‍പ്പെടെ ആറുപേർക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്തുണ്ടായത് വലിയ അനാസ്ഥയാണെന്ന് ഉത്തരമേഖല ജയിൽ ഡിഐജി പ്രദീപിൻറെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് കൈമാറും.

സൗമ്യ ജയിലുള്ളിൽ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയിൽ ജോലിക്കുണ്ടായിരുന്നത് നാല് അസി.പ്രിസൻഓഫീസർമാത്രം. 24-ാം തീയതി സൂപ്രണ്ടും, ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ചുമതലയുണ്ടായിരുന്ന അസിസ്റ്റ് സൂപ്രണ്ട് ജോലിക്കെത്തിയത് പതിനൊന്നു മണിക്ക്. 20 തടവുകാരും 23 ജയിൽ സുരക്ഷ ജീവനക്കാരുമുള്ള സ്ഥാപനത്തിലാണ് നാലുപേർമാത്രം ജോലിക്കെത്തിയത്.

അന്നേ ദിവസം ലോക്കപ്പിൽ നിന്നുമിറങ്ങിക്കിയ സൗമ്യയെയും മറ്റ് രണ്ട് തടവുകാരെയും ഡയറി ഫാമിൽ ജോലിക്കയച്ചു. എട്ടുമണിയോടെ സൗമ്യക്കൊപ്പമുണ്ടായിരുന്ന രണ്ടു തടവുകാരെ ഒരു അസി.പ്രിസണ്‍ ഓഫീസർ പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം ഒറ്റക്കുണ്ടായിരുന്ന സൗമ്യയെ ആരും നിരീക്ഷിച്ചില്ല. തടവുകാരും ജയിൽ ജീവനക്കാരും ചേർന്ന് ഗേറ്റിന് സമീപം അത്തപ്പൂക്കളമിടുന്നത് നിരീക്ഷ ശേഷമാണ് സൗമ്യ സാരിയുമായെത്തി ഡയറി ഫാമിനു പിന്നിൽ പോയി തൂങ്ങി മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതുപോലെ സൗമ്യ മരിച്ച ഒരു മണിക്കൂ‍ർ കഴിഞ്ഞാണ് ജയിൽ ജീവനക്കാർ ഇക്കാരമറിതെന്നും ഡിഐജിയുടെഅന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക മാനസികവസ്ഥയുണ്ടായിരുന്ന തടവുകാരിയെ മനസിലാക്കാനും അവരുടെ നീക്കങ്ങള്‍ പരിശോധിക്കാനും ഉത്തരവിതപ്പെട്ടവർ ശ്രമിച്ചില്ലെന്ന് മാത്രമല്ല മേൽനോട്ടത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിഐജിയുടെ റിപ്പോർട്ട്.