കേരളത്തില്‍ പിരാനാ മത്സ്യത്തിന്റെ സാന്നിധ്യം ഇല്ല ; കണ്ടെത്തിയത് പിരാന അല്ല
കേരളത്തില്‍ പിരാനാ മത്സ്യത്തിന്റെ സാന്നിധ്യം ഇല്ല എന്നും കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ നിന്ന് ലഭിച്ച മത്സ്യം പിരാനയുമായി രൂപ സാദൃശ്യം മാത്രമുള്ള പാക്കു ആണെന്നും അത് അപകടകരം അല്ലെന്നും പിഎംഎഫ്ജിആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ വി എസ് ബഷീര്‍. പാക്കു സസ്യഭുക്കായ ഒരു മത്സ്യം ആണെങ്കിലും വായില്‍ നിറയെ പല്ലുകളുള്ളതിനാലും കാഴ്ചയില്‍ പിരാനയുമായി സാമ്യം ഉള്ളതിനാലുമാണ് ഇത് പിരാന ആണെന്ന് ആളുകള്‍ തെറ്റിധരിക്കുന്നത്.
മംസഭുക്കായ പിരാനായുടേത് കൂര്‍ത്ത പല്ലുകളും പാക്കുവിന്റേത് മനുഷ്യന്റേത് പോലെ പരന്ന പല്ലുകളുമാണ്. റെഡ് ബെല്ലി ഗണത്തില്‍പ്പെടുന്ന രണ്ട് മത്സ്യങ്ങളും നിറം കൊണ്ടും വലിപ്പം കൊണ്ടും കാഴ്ചയില്‍ ഏകദേശം ഒരു പോലിരിക്കുമെങ്കിലും സ്വഭാവത്തില്‍ ഏറെ വ്യത്യാസമുണ്ട്. പിരാന പോലും ആളുകളെ ആക്രമിക്കും എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മറ്റൊരു തെറ്റായ പ്രചരണം ഇവ വേഗം പേരുകുമെന്നും അതിനാല്‍ മത്സ്യസമ്പത്തിന് ഭീഷണി ആണെന്നുമാണ്. എന്നാല്‍ സാധാരണ മീനുകള്‍ ഒരു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തി ആകുകയും മുട്ടയിടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ പാക്കു മൂന്ന് വയസ്സ് കഴിഞ്ഞ് മാത്രമേ മുട്ടയിടാന്‍ ആരംഭിക്കൂ. മാത്രമല്ല വലിയ തോതില്‍ തന്നെ വലയില്‍ കുടുങ്ങുന്നതിനാല്‍ ഏറെ താമസിയാതെ പിടിച്ചു തീരുകയും ചെയ്യും.
അതിനാല്‍ നദിയിലും മറ്റും ഇവ എത്തുന്നത് കൊണ്ട് കേരളത്തിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കില്ലെന്നും ബഷീര്‍ അറിയിച്ചു. എന്നാല്‍ ആഫ്രിക്കന്‍ മൂഷി, അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന സക്കര്‍ ക്യാറ്റ് ഫിഷ്, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ സ്വാഭാവിക ജലസ്രോതസ്സുകളില്‍ എത്തുന്നത് കേരളത്തിലെ മത്സ്യ വൈവിധ്യത്തിന് ഭീഷണി ഉയര്‍ത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.