പാക്കിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിച്ചു

ന്യൂയോര്‍ക്ക് : പാക്കിസ്ഥാനു നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന നിലപാട് മുന്‍നിര്‍ത്തിയാണ് അമേരിക്ക സഹായങ്ങള്‍ നിര്ത്തലാക്കിയത്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് നല്‍കി വരുന്ന 300 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതായി അമേരിക്ക അറിയിച്ചു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് 300 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അവസാനിപ്പിച്ചതായി അറിയിപ്പ് എത്തിയത്. നേരത്തെ സുരക്ഷാ സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

സഹായധനം കൈപറ്റുന്നതല്ലാതെ ഭീകരര്‍ക്കെതിരെ യാതൊരുവിധത്തിലുമുള്ള നടപടികളും പാക്കിസ്ഥാന്‍ കൈകൊള്ളുന്നില്ലെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പാക്കിസ്ഥാന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പ് രംഗത്തെത്തിയിരുന്നു.

അതേസമയം അമേരിക്കന്‍ തീരുമാനത്തിനെതിരെ പാക്കിസ്ഥാനില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള അമേരിക്കയുടെ നീക്കം ശരിയായില്ലെന്ന നിലപാടാണ് ഉയരുന്നത്. ഇമ്രാന് സാവകാശം നല്‍കണമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.