പിണറായി അമേരിക്കയിലിരുന്ന് കേരളം ഭരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം : അമേരിക്കയില്‍ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഭരണം നിയന്ത്രിക്കും എന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍.
വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ഏങ്ങനെയായിരുന്നോ ഭരണരംഗം നടന്നിരുന്നത് ഇനിയും അതുപോലെ തുടരുമെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്ലാ മന്ത്രിമാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങളും കൃത്യമായിതന്നെ നിര്‍വഹിക്കും. ക്യാമ്പുകളില്‍ നിന്ന് തിരിച്ചു പോകുന്ന എല്ലാവര്‍ക്കും 10,000 രൂപ എത്തിച്ചു കൊടുക്കും.

ആരോഗ്യവകുപ്പ് പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പും കൃത്യമായിതന്നെ ചെയ്തിട്ടുണ്ട്. പ്രതിരോധമരുന്നുകള്‍ സൗജന്യമായി തന്നെ വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സഹകരിക്കണമെന്നും ജയരാജന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ആരാണ് അധ്യക്ഷനെന്ന ചോദ്യത്തിന് മന്ത്രിസഭായോഗം കൂടുമ്പോള്‍ അറിയാമെന്നായിരുന്നു ഇ.പി.ജയരാജന്റെ മറുപടി.

അതിനിടെ മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ നാല് നാല്പ്പതിന് മെച്ചപ്പെട്ട ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പുറപ്പെട്ടു. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിങ്കളാഴാച്ച പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അതീവ രഹസ്യമായിട്ടാണ് മുഖ്യമന്ത്രി ഇന്നത്തെ യാത്ര വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. അംഗരക്ഷകര്‍ക്ക് പോലും ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെടുമ്പോഴാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോലും വിവരം അറിയുന്നത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ എത്തിയിരുന്നു.

ഇന്ന് മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല. എന്നാല്‍ ഈ കാലത്തേക്ക് മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇതിനിടെയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി.ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.