എലിപ്പനി പേടിയില്‍ സംസ്ഥാനം ; ഇതുവരെ മരിച്ചത് 54പേര്‍

തിരുവനന്തപുരം : പ്രളയദുരിതം ഒഴിഞ്ഞ കേരളത്തില്‍ എലിപ്പനി പടരുന്നു. ഇതുവരെ 54പേര്‍ എലിപ്പനി പിടിപെട്ട് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി ആശുപത്രികളിലെത്തി. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി ചികില്‍സയിലായിരുന്ന 13 പേര്‍ മരിച്ചു.

ഇന്ന് വൈകുന്നേരം ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 54 ആയി ഉയര്‍ന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് മുണ്ടൂര്‍ സ്വദേശി നിര്‍മല (50) ആണ് ഇന്ന് മരിച്ചത്. ഓഗസ്റ്റ് മുതല്‍ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.

എലിപ്പനി പിടിപെട്ടവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യയിലും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഇതോടെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജക്കിക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങളും ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയ ജലവുമായി സംമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം.