കര്‍ണാടക: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി

കര്‍ണാടകയിലെ മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 2664 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം അറിവായ 2628 സീറ്റുകളില്‍ കോണ്‍ഗ്രസ് 988 എണ്ണം നേടി. 929 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. 378 സീറ്റുകള്‍ നേടി ജനതാദള്‍ (എസ്) മൂന്നാമതെത്തിയപ്പോള്‍ ബാക്കിയുള്ള സീറ്റുകള്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളും ചെറു പാര്‍ട്ടികളും സ്വന്തമാക്കി.

സംസ്ഥാനത്തെ ആകെയുള്ള 30 ജില്ലകളില്‍ 21 ജില്ലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നഗരങ്ങളിലെ 29 സിറ്റി മുന്‍സിപ്പാലിറ്റികള്‍,53 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 23 ടൗണ്‍ പഞ്ചായത്ത് എന്നിവിങ്ങളിലേക്കാണ് കഴിഞ്ഞ 31 ന് വോട്ടെടുപ്പ് നടന്നത്.
പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു.
മുംബൈ-കര്‍ണാടക, തീരപ്രദേശം, ഹൈദരാബാദ് കര്‍ണാടക എന്നീ മൂന്ന് മേഖലകളിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു.

പതിവ് പോലെ പഴയ മൈസൂര്‍ മേഖലയില്‍ ഇത് ജനതാദളുംകൂടി ഉള്‍പ്പെടുന്ന ത്രികോണ മത്സരമായിരുന്നു. 2013 ല്‍ 4976 സീററുകളിലേക്ക് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 1960 സീറ്റുകളില്‍ വിജയിച്ചിരുന്നു. ജെഡിഎസ്-ബിജെപി സഖ്യം അന്ന് നേടിയത് 905 വീതം സീറ്റുകളാണ്. 1206 സീറ്റില്‍ സ്വതന്ത്രരാണ് വിജയം വരിച്ചത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേധാവിത്വം ലഭിച്ചത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്ന് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതായും ബിജെപിയെ അകറ്റി നിര്‍ത്താന്‍ ജെഡിയുവും കോണ്‍ഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ പറഞ്ഞു.