എലിപ്പനി ; സംസ്ഥാനത്ത് മൂന്നാഴ്ച അതീവ ജാഗ്രത നിര്‍ദേശം

പ്രളയത്തിനു ശേഷം ഭീതി ഉയര്‍ത്തി എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ. എലിപ്പനിയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളും എലിപ്പനിയായി കണക്കാക്കി ചികിത്സ നല്‍കും. ചികിത്സയ്ക്ക് താലൂക്ക് ആശുപത്രികള്‍ സജ്ജമാക്കുമെന്നും ചികിത്സാ സൗകര്യവും മരുന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് പ്രതിരോധ മരുന്നു കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓഗസ്റ്റ് 15 മുതല്‍ എലിപ്പനി ബാധിച്ച് എട്ട് പേരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ 37 പേര്‍ മരണപ്പെട്ടു. 196 പേര്‍ക്കാണ് ഈ കാലയളവില്‍ എലിപ്പനി ബാധിച്ചത്. 523 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് മന്ത്രി അവലോകന യോഗത്തില്‍ അറിയിച്ചു. ഡെങ്കി കൂടി വ്യാപകമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. കോളറക്കും മഞ്ഞപിത്തത്തിനും സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം എലിപ്പനി പ്രതിരോധിക്കാനുള്ള മരുന്നിനെതിരേ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം. മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരു അടിസ്ഥാനവുമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി പരാതിയില്‍ പറയുന്നു.