നവകേരളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് വിവാദങ്ങള്‍ ഒഴിയാത്ത കമ്പനിയെ ; ആരോപണവുമായി വി എം സുധീരന്‍
തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് സര്‍ക്കാര്‍ സമീപിച്ചത് വിവാദങ്ങള്‍ ഒഴിയാത്ത കമ്പനിയെ എന്ന് ആരോപണം.
നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവാദ സ്ഥാപനം കെ.പി.എം.ജിയെയാണ് സര്‍ക്കാര്‍ ഇതിനായി സമീപിച്ചത്. എന്നാല്‍ നവകേരള നിര്‍മ്മിതി ഇവരെ ഏല്‍പ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കെഎപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
കെ.പി.എം.ജി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികള്‍ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളുണ്ടെന്ന് വിഎം സുധീരന്‍ വ്യക്തമാക്കി.
കെ.പി.എം.ജി. എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കും വ്യവസായ, റവന്യൂ, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാര്‍ക്കും വിഎം സുധീരന്‍ കത്തുകള്‍ നല്‍കിയെന്ന് വിഎം സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വിഎം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അതിഭീകരമായ ദുരന്തത്തെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ തന്നെയാണ് നവകേരള നിര്‍മ്മിതിക്കുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ആര്‍ക്കുമുണ്ടാകുമെന്ന് കരുതുന്നില്ല.
അതുകൊണ്ടുതന്നെ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്.
നമ്മുടെ നാടിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും അതിന്റെ ഭാഗമായി ഏത് നടപടി സ്വീകരിക്കുമ്പോഴും അതെല്ലാം നടപ്പിലാക്കുമ്പോഴും സമ്പൂര്‍ണ്ണ സുതാര്യതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും വിവാദമാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.
എന്നാല്‍ ഈ മഹാദുരന്തത്തിന്റെ ഫലമായി തകര്‍ന്നുപോയ കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികള്‍ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വാര്‍ത്തകളുടെ ലിങ്ക് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
https://www.iol.co.za/…/kpmg-must-be-blacklisted-says-sanco…
https://businesstech.co.za/…/government-to-review-all-cont…/
https://www.businessinsider.com/r-british-accounting-watchd…
https://www.sec.gov/news/press-release/2018-39
ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള കെ.പി.എം.ജി. എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
കേരളത്തിന്റെ നവനിര്‍മ്മിതിക്കായുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കണ്‍സള്‍ട്ടന്‍സി നിയമനം. അതുതന്നെ പാളിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ ജാഗ്രതയോടു കൂടിയ അന്വേഷണം നടത്തണം. കെ.പി.എം.ജി എന്ന സ്ഥാപനത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും സംബന്ധിച്ച സത്യാവസ്ഥ സ്വയം ബോധ്യപ്പെടാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.
അതു നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബഹു. മുഖ്യമന്ത്രിക്കും അതിന്റെ പകര്‍പ്പുളോടൊപ്പം ബഹു. വ്യവസായ, റവന്യൂ, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാര്‍ക്കും കത്തുകള്‍ നല്‍കിയിട്ടുണ്ട്.