എങ്ങനെ നല്ലൊരു മരുമകള്‍ ആകാം എന്ന കോഴ്സുമായി കമ്പനി ; പഠിക്കാന്‍ യുവതികളുടെ തിരക്ക്

ഉത്തര്‍പ്രദേശിലെ കാശിയില്‍ പ്രവര്‍ത്തിക്കുന്ന യങ് സികില്‍ഡ് എന്ന കമ്പനിയാണ് എങ്ങനെ നല്ല മരുമകളാകാം എന്നതില്‍ യുവതികള്‍ക്കായി ക്രാഷ് കോഴ്‌സ് നടത്തുന്നത്. ‘എന്റെ മകള്‍, എന്റെ അഭിമാനം’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രാഷ് കോഴ്സിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നുവെന്നാണ് ഈ കമ്പനി പറയുന്നത്.

മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ പരിശീലനപരിപാടി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയും കാശിയിലെ വനിതാ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഒരു പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 75 ശതമാനവും വിവാഹജീവിതത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ചെയ്തു.

വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരെ ഏതു പ്രതിസന്ധിഘട്ടവും നേരിടാന്‍ പ്രാപ്തരാക്കുകയും, അവരെ ഒരു നല്ലമരുമകളായി വാര്‍ത്തെടുക്കുകയുമാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് യങ് സ്‌കില്‍ഡ് ഇന്ത്യ സി.ഇ.ഒ നീരജ് ശ്രീവാസ്തവ പറയുന്നു. ഇത് പ്രകാരം മറ്റുള്ളവരുമായി എങ്ങനെ ഇടപെടണം, പ്രശ്നപരിഹാരങ്ങള്‍, സമ്മര്‍ദ്ദവും ഉത്കണഠയും എങ്ങനെ നേരിടണം, വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

അതേസമയം, ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരത്തിലുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് യങ് സ്‌കില്‍ഡ് ഇന്ത്യയുടെ പരിശീലനപരിപാടിയെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാദം.