ലൈംഗിക ആരോപണം ; ഏതു അന്വേഷണവും നേരിടാന്‍ തയ്യാര്‍ എന്ന് പി കെ ശശി എം എല്‍ എ
പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും പരാതിയെക്കുറിച്ചും അറിയില്ലെന്നും പാര്‍ട്ടി ഇതേക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും പി.കെ.ശശി പറയുന്നു. മാധ്യമങ്ങളില്‍ പറയും പോലെ തനിക്കെതിരെ പരാതിയോ അന്വേഷണമോ ഉണ്ടെങ്കില്‍ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരനായി അതു നേരിടുമെന്നും തന്നെ തകര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല. അവലൈബിള്‍ പിബി യോഗത്തില്‍ തീരുമാനമെടുത്തു എന്നാണ് മാധ്യമങ്ങളില്‍ കണ്ടത്. പിബിയില്‍ മാധ്യമപ്രതിനിധിയുണ്ടോ എന്ന് അറിയില്ല. ഇങ്ങനെയൊരു പരാതിയെപ്പറ്റി പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല.
ഞാനൊരു നല്ല ജനപ്രതിനിധിയായി മുന്നോട്ട് പോകുകയാണ്. എന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നെ വളരെ വ്യക്തമായി അറിയാം. സുദീര്‍ഘമായ രാഷ്ട്രീയജീവിത കാലഘട്ടത്തില്‍ ശശിയാരാണ് ശശിയുടെ പ്രവര്‍ത്തനം എന്താണ് എന്നൊക്കെ എല്ലാവര്‍ക്കുമറിയാം. നിങ്ങള്‍ മാധ്യമങ്ങള്‍ക്കും എന്നെ അറിയാം. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ…?
ഞാന്‍ രാഷ്ട്രീയമായ പരീക്ഷണങ്ങളെ നേരിടുന്നത് നടാടെയല്ല. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാനൊരുപാട് പരീക്ഷണഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ട്. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ആ ആളുകള്‍ അതിനീചമായ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവാം. എനിക്കറിയില്ല അതെന്താണെന്ന്.
ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്. എനിക്കെതിരെ എന്തോ അന്വേഷണം വരുന്നുവെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എനിക്കറിയില്ല പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അങ്ങനെയൊരു അന്വേഷണം വന്നാല്‍ തന്നെ ഒരു ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പോലെ ആ അന്വേഷണം നേരിടും.
അതേസമയം പി.കെ.ശശിക്കെതിരെ പാര്‍ട്ടി ജില്ലാ ഘടകത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. അത്തരം ആരോപണമൊന്നും ജില്ലാകമ്മിറ്റിയില്‍ വന്നിട്ടില്ല. അങ്ങനെയൊരു ആരോപണമുള്ളതായി ഇന്ന് പത്രത്തില്‍ കണ്ടു. ആരോപണം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് പരാതി കിട്ടാതെ ചര്‍ച്ച ചെയ്യാനാവുമോ എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
എന്നാല്‍ പാലക്കാട് സിപിഎമ്മില്‍ ഒരു മാസത്തിലേറെയായി ഈ വിഷയം പുകഞ്ഞു തുടങ്ങിയിരുന്നുവെന്നാണ് സൂചന. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ചയാവും എന്നാണ് സൂചന. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിക്കുന്‌പോഴും വിഷയത്തില്‍ സിപിഎം ജില്ലാ ഘടകവും എംഎല്‍എയും ഒരേ പോലെ പ്രതിരോധത്തിലാണ്. വനിത അംഗം അടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കേണ്ടതെന്നാണ് അവൈലബിള്‍ പിബിയുടെ തീരുമാനം. സ്വാഭാവികമായും പി.കെ.ശ്രീമതി ഈ സമിതിയിലുണ്ടാവും എന്നാണ് കരുതുന്നത്.