പ്രളയം : ഉത്തര്‍പ്രദേശില്‍ 21 മരണം, കരകവിഞ്ഞു ഗംഗയും യമുനയും

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറില്‍ മരിച്ചവരുടെ എണ്ണം 21ആയി. കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉള്‍പ്പടെയുള്ള നദികള്‍ അപകടനിരപ്പും പിന്നിട്ട് കരകവിഞ്ഞൊഴുകുകയാണ്.

ഷഹജന്‍പുര്‍, അമേട്ടി, ഔരിയ ജില്ലകളിലാണ് കനത്ത നഷ്ടം. ഷഹജന്‍പുരില്‍ മാത്രം ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രളയബാധിത മേഖലകളില്‍ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വ്യോമസേനയുടെ ഗ്വാളിയോര്‍ എയര്‍ബേസില്‍ നിന്നുമെത്തിയ ഹെലികോപ്ടറുകള്‍ പ്രളയമേഖലകളില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ 461 വീടുകള്‍ തകര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. പ്രളയത്തെ തുടര്‍ന്ന് ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. വരുന്ന രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പശ്ചിമഉത്തര്‍പ്രദേശില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 15,000 പേരെ ഇതിനോടകം ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുരിതാശ്വാസക്യാംപുകളിലേക്കും മാറ്റി കഴിഞ്ഞു. മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രളയമേഖലകളില്‍ നേരത്തെ ആകാശനിരീക്ഷണം നടത്തി.