ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ; ആംബുലന്‍സിനു തീ പിടിച്ച് രോഗി ശ്വാസംമുട്ടി മരിച്ചു
ആലപ്പുഴ : ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് (66) മരിച്ചത്. ശ്വാസതടസം നേരിട്ട ഇയാളെ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ചമ്പക്കുളം ഗവ.ആശുപത്രിക്ക് സമീപത്ത് വച്ചാണ് അപകടം.
108 ആംബുലന്‍സിനാണ് തീപിടിച്ചത്. ആംബുലന്‍സില്‍ വച്ച് രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടര്‍ സ്‌ഫോടനത്തോടെ ഉയര്‍ന്നു പൊങ്ങി.
ഓടിയെത്തിയ നാട്ടുകാര്‍ മോഹനന്‍ നായരെ രക്ഷപ്പെടുത്തുകയും മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നഴ്‌സ് സെയ്ഫുദ്ദീന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റു.
ആംബുലന്‍സിന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്ക്, കാര്‍, എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു. അതേസമയം അദ്ദേഹത്തിന് കാര്യമായ പൊള്ളലേറ്റിട്ടില്ലെന്നാണ് പ്രാഥമികവിവരം. 6.45 ഓടെയായിരുന്നു അപകടം നടന്നത്.