ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേളകള്‍ നടത്താന്‍ ആലോചന : ഇ.പിജയരാജൻ

പ്രളയത്തിനെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോല്‍സവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പിജയരാജന്‍ . മേളകള്‍ റദ്ദാക്കിയ പൊതുഭരണവകുപ്പിന്റെ ഉത്തരവിനെതിരെ വകുപ്പ് മന്ത്രിമാര്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആലോചനകള്‍ സജീവമാകുന്നത്. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടമാവാതെ മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു.

ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനായി മേളകള്‍ റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കില്ല. അതേസമയം, ചെലവ് കുറച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഇത് സംബന്ധിച്ച് വ്യക്തത വരുത്തികൊണ്ടുള്ള പുതിയ ഉത്തരവുണ്ടാകും. ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഉത്തവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എ.ക.ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സ്‌കൂള്‍ കലോല്‍സവം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു .

സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുമെന്ന് മാത്രമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. കൊച്ചി ബിനാലെ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ടൂറിസം മന്ത്രി കടകപ്പള്ളി സുരേന്ദ്രനും പറഞ്ഞു.