സ്വകാര്യ മെഡി.കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ ഒരു ദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഡി.എം.വയനാട്, തൊഴുപുഴ അല്‍ അസര്‍, പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളാണ് സുപ്രീംകോടതി ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തത്.

ഈ കോളേജുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് പുറത്തുപോകേണ്ടിവരുമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 550 സീറ്റിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി തടഞ്ഞത്. ഇതോടെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടി കുടികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്ക് ഇളവ് വേണമെന്ന് കോളേജുകളുടെ അഭിഭാഷകര് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കോടതി ഈ രീതിയില്‍ പ്രവേശം നേടുന്ന കുട്ടികള്‍ക്ക് പുറത്തുപോകേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

ഈ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും നിലവാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിരുന്നു. അതിനെതിരെ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയ കോളേജുകള്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്.

ഈ രീതിയില്‍ പ്രവേശനത്തിന് അനുമതി നല്‍കാന്‍ ഹൈക്കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി നാല് മെഡിക്കല്‍ കോളേജുകളുടെയും കേസ് നാളെ അടിയന്തിരമായി പരിഗണിക്കാന്‍ തീരുമാനിച്ചു. നേരത്തെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ റദ്ദാക്കുകയും മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്ത ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.