സ്വവര്‍ഗ ലൈംഗികത : സുപ്രീംകോടതിയുടെ സുപ്രധാന വിധി വ്യാഴാഴ്ച

ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി തുടരുമോ ഇല്ലയോ എന്ന വിഷയത്തില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചേക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാവും വിധി പുറപ്പെടുവിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കി.

ജസ്റ്റിസ് ജി എസ് സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഹര്‍ജികളില്‍ ഇക്കഴിഞ്ഞ ജൂലായ് 17ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പുറപ്പെടുവിക്കാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. രാവിലെ പത്തു മുപ്പതോടെയാകും വിധി പുറപ്പെടുവിക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.