തിങ്കളാഴ്ച്ച ഭാരത് ബന്ദിന് കോണ്ഗ്രസ് ആഹ്വാനം

ദിനംപ്രതി ഉയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് കുറച്ചു ദിവസമായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടിയിരുന്നു.

സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.