സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീംകോടതി

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീം കോടതി വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കി.

ജസ്റ്റിസ് ജി എസ് സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഹര്‍ജികളില്‍ ഇക്കഴിഞ്ഞ ജൂലായ് 17ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പുറപ്പെടുവിക്കാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു.

നിലവില്‍ 23 ലോക രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാണ്.,72 രാജ്യങ്ങളില്‍ കുറ്റകരവും. നിയമവിധേയമാക്കിയ രാജ്യങ്ങളൊക്കെ വികസിത വികസ്വര രാജ്യങ്ങളാണ്. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാൻ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ല്‍ സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടര്‍ന്നു. നിയമ കമ്മീഷന്റെ 172ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല.