പി.കെ. ശശിക്കെതിരായ പീഡന പരാതി ; നടപടി എടുക്കുമെന്ന് സിപിഎം നേത്രുത്വം

തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഎം. ശശിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നെന്ന് സംസ്ഥാന സമിതി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതിക്കാരിയെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു എന്നും വിശദീകരണം.

ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. പരാതിയില്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായി നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. അതേസമയം, മാധ്യമങ്ങള്‍ വേട്ടയാടുന്നെന്ന് ശശി ആരോപിച്ചു.

ഡിവൈഎഫ്‌ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിഅംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ മണ്ണാര്‍കാട് ഏരിയാ കമ്മറ്റി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ വച്ച് ലൈഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തെളിവായി കൈയ്യിരുണ്ടെന്നും ജനറല്‍ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നല്‍കിയ പരാതിയിലുണ്ട്.

അതേസമയം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പി.കെ ശശി എം.എല്‍.എക്ക് എതിരായ പീഡന പരാതിയില്‍ നടപടി ഉണ്ടാകുമെന്ന് സി.പി.എം. ആരോപണ വിധേയരെ പൂമാലയിട്ട് സ്വീകരിക്കുന്ന രീതി പാര്‍ട്ടിയിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും മാതൃകാപരമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സി.പി.എം എന്നും പത്രക്കുറിപ്പ് പറയുന്നു.