സ്വവര്‍ഗ്ഗ രതി ആകാം വിവാഹം പാടില്ല ; നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗലൈംഗിക കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതിയുടെ സുപ്രധാന വിധി ലോകരാഷ്ട്രങ്ങള്‍ അടക്കം രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ പിന്നാലെ ഒരോ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ എതിര്‍ത്ത് നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഐപിസി 377നെതിരായ ഹര്‍ജിയില്‍ മൗനം പാലിച്ച കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സെക്ഷന്‍ 377 ഭാഗികമായി പിന്‍വലിച്ചതോടെ സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതായി തീര്‍ന്നിരുന്നു.
എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കി തീര്‍ത്തുവെങ്കിലും സ്വവര്‍ഗവിവാഹം, പാരമ്പര്യ സ്വത്തിന്മേലുള്ള അവകാശം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും നിയമനിര്‍മ്മാണം നടക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത ഹിന്ദുത്വ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ബിജെപി സര്‍ക്കാര്‍ ഇതിനെതിരായി നിയമനിര്‍മ്മാണം നടത്തുമെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവരുന്നത്.
സ്വവര്‍ഗവിവാഹം പ്രകൃതി നിയമങ്ങള്‍ക്കെതിരാണെന്ന് ആര്‍എസ്എസിന്റെ നിലപാട് ഇതുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്. ഭാരതം ഇതിനെ സ്വീകരിക്കുകയില്ലെന്നും ആര്‍ എസ് എസ് വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ സ്വവര്‍ഗവിവാഹത്തിനുള്ള അവകാശം നേടിയെടുക്കുന്നതിനായി ഈ വിഭാഗത്തിന് ഇനിയും നിയമയുദ്ധം തുടരേണ്ടി വരുമെന്നതാണ് അവസ്ഥ.