നേപ്പാളിനായി തുറമുഖങ്ങള്‍ തുറന്നു ചൈന ; അവസാനിക്കുന്നത് ഇന്ത്യന്‍ കുത്തക
ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി. നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങൾ തുറന്നു കൊടുക്കാൻ ചൈന തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ കുത്തകയ്ക്ക് അവസാനം ഉണ്ടായത്. വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്‍യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം. അതുപോലെ കപ്പല്‍ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്.
ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു നേപ്പാള്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നത്. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.