വിമാനത്താവളങ്ങളിലെ കൊള്ളയ്ക്ക് അവസാനമാകുന്നു ; വെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും എം.ആര്‍.പി ഈടാക്കാന്‍ നിര്‍ദേശം

വിമാനത്താവളങ്ങളിലെ പകല്‍ കൊള്ളയ്ക്ക് അവസാനമാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കിൽ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നൽകണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിക്കുവാനും തീരുമാനമായി.

കുപ്പിവെള്ളത്തിനും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്കും എം.ആർ.പിയും ചായയും കാപ്പിയും 10 രൂപയ്ക്കും ഭക്ഷണം കുറ‍ഞ്ഞ വിലയ്ക്കും നൽകാനുമാണ് നിർദേശം. വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നിർദേശം . എന്നാല്‍ ചെന്നൈ, ഷിംല, പുണെ വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ തന്നെ ചുരുങ്ങിയ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനുള്ള കൗണ്ടര്‍ തുറന്നു കഴിഞ്ഞു.

അതേസമയം ഡെൽഹി, മുംബൈ, ബെംഗളൂരു,ഹൈദരാബാദ് ,കൊച്ചി വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ ഈ വിമാനത്താവളങ്ങളിൽ വിലക്കുറവ് ബാധകമല്ല.