കേരളത്തിന് ഒരു കൈത്താങ്ങ്: റിയാദ് ടാക്കിസ് ഫണ്ട് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

റിയാദ്: റിയാദിലെ കലാകായിക മേഖലയിലെ കൂട്ടായ്മയായ റിയാദ് ടാക്കിസ് കേരളത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ധന സഹായം കൈമാറി. റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എന്‍.ആര്‍.കെ ഫോറം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഫണ്ടിലേക്കാണ് റിയാദ് ടാക്കിസ് സമാഹരിച്ച 2,22222 രൂപയാണ് കണ്‍വീനര്‍മാരായ ഡൊമനിക് സാവിയോ, നബീല്‍ ഷാ മഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് എന്‍.ആര്‍.കെ വൈസ് ചെയര്‍മാന്‍ ഇസ്മായില്‍ എരുമേലിക്ക് കൈമാറിയത്.

വൈസ് പ്രസിഡന്റ് അരുണ്‍ പൂവാറിന്റെ ആമുഖത്തില്‍ തുടങ്ങിയ യോഗം പ്രസിഡന്റ് സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യ യിലെ പ്രതി സന്ധി ഘട്ടത്തിലും കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് ടാക്കിസ് സമാഹരിച്ച തുക പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു കൊണ്ട് മുന്‍ നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് സംസാരിച്ചു.

തുടര്‍ന്ന് ഇസ്മായില്‍ എരുമേലി, ഷംനാദ് കരുനാഗപ്പള്ളി, ബാലചന്ദ്രന്‍ നായര്‍, സുരേഷ് ശങ്കര്‍, ക്ലിറ്റസ്, സിജോ മാവേലിക്കര അന്‍വര്‍ ചെമ്പറക്കി, പള്ളം തുരുത്തി, ജംഷാദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ഫ്‌ലഡ് റെസ്‌ക്യൂ ഒപ്പേറഷനില്‍ പങ്കെടുത്തുകൊണ്ട് ദുരന്ത മുഖത്തുനിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ച സംഘടനയുടെ മെമ്പര്‍മാരായ അലി ആലുവ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു.

റിയാദിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ സെക്രട്ടറി നവാസ് ഒപ്പീസ് സ്വാഗതവും ട്രഷറര്‍ റിജോഷ് കോഴിക്കോട് നന്ദിയും പറഞ്ഞു.