മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ; നിലപാട് കടുപ്പിച്ച് സര്‍വ്വീസ് സംഘടനകള്‍

തിരുവനന്തപുരം : പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച സാലറി ചലഞ്ചിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ . ശമ്പളം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം മാറ്റിയില്ലെങ്കില്‍ പണം നല്‍കില്ലെന്ന് നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോ.

ഒരു മാസത്തെ ശമ്പളം ഒറ്റത്തവണയായോ 10 ഗഡുക്കളായോ നല്‍കാന്‍ സമ്മതമല്ലാത്ത ജീവനക്കാര്‍ രേഖാമൂലം അത് അറിയിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പറ്റില്ലെന്ന് അറിയിച്ചില്ലെങ്കില്‍ ശമ്പളം പിടിക്കും. ഇത് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി പണം പിരിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ സംഘടനളുടെ ആരോപണം.

ശശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവരല്ല, താല്‍പര്യമുള്ളവരില്‍ നിന്നാണ് സമ്മതപത്രം വാങ്ങേണ്ടതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഒരു മാസത്തെ ശമ്പളം തരാന്‍ പറ്റാത്തവര്‍ നിര്‍ദ്ദേശിക്കുന്ന തുക സംഭാവനായി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്നാണ് അറിയുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വഴി 2600 കോടിരൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.