‘ശാലോം റിവൈവല്‍’: ശാലോം ഒരുക്കുന്ന വചനവേദി 2018 നവമ്പറില്‍

വിയന്ന: സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും നിറഞ്ഞ 2018ന്റെ ഊഷരഭൂമിയില്‍ തീരാനഷ്ടങ്ങളുടെയും തോരാദുഖങ്ങളുടെയും ജീവിതഭാരം താണ്ടിവലഞ്ഞവര്‍ക്ക്, നവമ്പര്‍കുളിരിന്റെ സായംസന്ധ്യയില്‍ വചനമാധുരിയുടെ സ്വാന്തനം പകര്‍ന്ന്, ആത്മീയോല്‍ഘര്‍ഷത്തിന്റെ പുതുവരങ്ങള്‍ സ്വന്തമാക്കാന്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന വചനശുശ്രുഷയുമായി ശാലോം മീഡിയ ഓസ്ട്രിയ ഒരുക്കുന്ന പുനരുജ്ജീവനത്തിന്റെ അഭിഷേകനിറവ് ഒരുങ്ങുന്നു.

2018 നവമ്പര്‍ 17 (ശനി) ഇരുപത്തിരണ്ടാമത് ജില്ലയിലെ ആസ്പെണ്‍ ദേവാലയഹാളില്‍ (Pfarre Aspern) രാവിലെ 10 am മുതല്‍ വൈകിട്ട് 8 pm വരെയും 18 (ഞായര്‍) പത്താമത് ജില്ലയിലെ പുക്സ്ബൗവുംപ്ലാറ്റ്സിലെ (Pfarre Puchsbaumplatz) ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 2 മണിമുതല്‍ വൈകിട്ട് 8 വരെയുമാണ് ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നത്.

ആത്മീയ ഉണര്‍വിന്റെ പുത്തനനുഭവങ്ങളിലേക്ക് നയിക്കുന്ന ആഴമേറിയ വചനചിന്തകള്‍ പങ്കുവച്ചുകൊണ്ട് പ്രഗത്ഭ വചനപ്രഘോഷകരായ റവ. ഫാദര്‍ ജില്‍ട്ടോ ജോര്‍ജ്ജ് സി.എം.ഐയും ശാലോം സ്ഥാപകനും ചെയര്‍മാനുമായ ഷെവലിയര്‍ ബെന്നി പുന്നത്തറയ്ക്കുമൊപ്പം ശാലോമിന്റെ അനുഗഹീത ഗായകന്‍ സിബി തോമസും ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

നവമ്പര്‍ 10, 11 (ശനി,ഞായര്‍) തീയതികളില്‍ സ്വിറ്റസര്‍ലണ്ടില്‍ സോഫിംഗന്‍, ഓള്‍ട്ടന്‍ എന്നിവിടങ്ങളിലും ജര്‍മ്മനിയില്‍ 24, 25 (ശനി, ഞായര്‍) തീയതികളില്‍ ഫ്രാങ്ക്ഫുര്‍ട്ട്, കൊളോണ്‍ എന്നിവിടങ്ങളിലും ഇതേ ടീം നയിക്കുന്ന വചനശുശ്രുഷകള്‍ ഉണ്ടായിരിക്കുന്നതാണ്.

ശുശ്രുഷകളില്‍ സംബന്ധിക്കുവാന്‍ എല്ലാ മലയാളികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Shalom Media Austria
Aspern Str. 60/3
1220 Vienna
Tel: +43 699 19 54 64 29
E-Mail: austria@shalommedia.org
www.shalomworld.org