ശശിയുടെ പീഡനം ; എ കെ ജി വിഷയം കുത്തിപൊക്കി സിപിഎമ്മിനെ ട്രോളി ബല്‍റാം

പി.കെ. ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാഴ്ത്തുമ്പോള്‍ എ.കെ.ജിക്കെതിരായ പഴയ പോസ്റ്റ് കുത്തിപൊക്കി
പരിഹാസ പോസ്റ്റുമായി വി.ടി. ബല്‍റാം എം.എല്‍ രംഗത്ത്. എ. എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയ വി.ടി.ബല്‍റാം കൃത്യ സമയത്താണ് സി.പി.എമ്മിനെതിരേ തിരിച്ചടിച്ചിരിക്കുന്നത്.

എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം മാപ്പു പറഞ്ഞതായാണ് പോസ്റ്റിന്റെ ആദ്യ വായനയില്‍ തോന്നുന്നതെങ്കിലും പോസ്റ്റില്‍ ഉടനീളം ഒളിഞ്ഞിരിക്കുന്നത് പരിഹാസവും രൂക്ഷ വിമര്‍ശനവുമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം ‘ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം’ എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്റെ ഓഫീസ് രണ്ട് തവണ തകര്‍ക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്.

എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാര സമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സിപിഎമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.