തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ ലാഭ വിഹിതം ദുരിതാശ്വാസനിധിയിലേക്ക്

കേരളപിറവി ദിനത്തില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സരത്തിന്റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ രാജ്യാന്തര മത്സരമാണിത്. നേരത്തെ ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം നടത്തിയിരുന്നെങ്കിലും മഴമൂലം മത്സരം ആറോവര്‍ വീതമാക്കി കുറക്കേണ്ടിവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനമാണ് തിരുവനന്തപുരത്തു നടക്കുക. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാന്‍ തീരുമാനിച്ചത്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെട്ട് കളി തിരുവനന്തപുരത്തെയ്ക്ക് മാറ്റുകയായിരുന്നു.