രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശിലും സംസ്ഥാന സര്‍ക്കാര്‍ എണ്ണവില കുറച്ചു

രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശില്‍ പെട്രോളിനും, ഡീസലിനും ലിറ്ററിന് 2 രൂപ കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് തിങ്കളാഴ്ച നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.

ഇന്ധന വില 2 രൂപ കുറയ്ക്കുന്നതിലൂടെ ചെറിയ ആശ്വാസം അവര്‍ക്ക് നല്‍കാനാവും. ഇത്തരത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1,120 കോടിയുടെ നഷ്ടമുണ്ടാവും. എന്നാല്‍ ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്-ചന്ദ്രബാബു നായിഡു പറയുന്നു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ ഇന്ധന വില ലിറ്ററിന് 2.5 രൂപ വീതം കുറച്ചത്. വാറ്റ് നികുതി നാല് ശതമാനം കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് 2.5 രൂപ കുറഞ്ഞത്‌. അതേസമയം രാജ്യത്ത് എണ്ണവില കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടികളും ഇതുവരെ എടുത്തിട്ടില്ല.