ചോദ്യങ്ങളുമായി അടുത്തുകൂടുന്ന അപരിചിതരെ സൂക്ഷിക്കണം എന്ന് ദുബായ് പോലീസ്

പുറത്തുപോകുമ്പോള്‍ നിങ്ങളുമായി സംസാരിക്കാനെത്തുന്ന ചില അപരിചിതരെ സൂക്ഷിക്കണമെന്ന അറിയിപ്പുമായി ദുബായ് പോലീസ്. ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിനോദ സഞ്ചാരികളെന്ന വ്യാജേനയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്നും പൊലീസ് പറയുന്നു. പുതിയ കറന്‍സി വിനിമയ നിരക്കുകള്‍ എത്രയാണെന്ന് അറിയുമോ എന്ന് ചോദിച്ച് അടുത്തുകൂടുന്നതാണത്രെ ഇവരുടെ രീതി.

നോട്ടുകളെക്കുറിച്ചും എക്‌സ്‌ചേഞ്ച് നിരക്കുകളെക്കുറിച്ചും ചോദിക്കുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല. മറിച്ച് ഇത്തരക്കാരെ സൂക്ഷിക്കാനാണ് ആവശ്യം.

ലോകത്ത് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സ്ഥലമായാണ് ദുബായ് അറിയപ്പെടുന്നത്. സിംഗപ്പൂരിനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം പിന്നെയും ഏഴ് ശതമാനം കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് ദുബായ്.