തനി ഒരുവന്‍ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി വില്ലന്‍ എന്ന് തമിഴ് മാധ്യമങ്ങള്‍

തമിഴിലെ മെഗാഹിറ്റ് ചിത്രമായ മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവര്‍ അഭിനയിച്ച സിനിമ 2015 ലായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. സംവിധായകനും ശുഭയും ചേര്‍ന്നായിരുന്നു തനി ഒരുവന് തിരക്കഥ ഒരുക്കിയിരുന്നത്.

പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ തനി ഒരുവനില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച വില്ലന്‍ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിലും വില്ലനാകും പ്രാധാന്യം എന്ന് ആദ്യമേ വ്യക്തമാണ്. ഇപ്പോഴിതാ ഇതില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 7 ന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയെങ്കിലും കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങുന്നതിനു മുന്‍പും മമ്മൂട്ടിയാകും വില്ലന്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.