ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധം ; അറസ്റ്റിനെതിരെ പ്രമുഖര്‍ രംഗത്ത്
കൊച്ചി : എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് സന്ദേശം നല്‍കുകയും സോഷ്യല്‍ മീഡിയ വഴി ആളുകള്‍ക്കിടയില്‍ പ്രതിരോധ മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്തതിന് അറസ്റ്റിലായ ജേക്കബ് വടക്കാഞ്ചേരിയെ പിന്‍തുണച്ച് പ്രമുഖര്‍ രംഗത്ത്. ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എഴുത്തുകാരന്‍ ഡോ ടി ടി ശ്രീകുമാര്‍ പറഞ്ഞു.
ജേക്കബ് വടക്കാഞ്ചേരി എന്നും നിലപാട് എടുത്തിരുന്നത് ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നുവെന്ന് ശ്രീകുമാര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വാക്സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും അറസ്റ്റിനെ വിയോജിച്ചുള്ള കുറിപ്പില്‍ ടി ടി ശ്രീകുമാര്‍ വിശദമാക്കുന്നു. പിണറായി വിജയന്റെ ഫാസിസ്റ്റ് സ്വഭാവമാണ് അറസ്റ്റിലൂടെ വീണ്ടും വ്യക്തമായതായി ശ്രീകുമാര്‍ ആരോപിച്ചു. ഏത് ചികില്‍സ സ്വീകരിക്കണമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും ശ്രീകുമാര്‍ വിശദമാക്കുന്നു. ‘
അതുപോലെ ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റില്‍ വിയോജിപ്പുണ്ടെന്ന് യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ അക്രെഡിറ്റെഷനുള്ള ഫോറം ഏഷ്യ എന്ന അന്താരാഷ്ട സംഘടനയുടെ സി ഇ ഒ കൂടിയായ ജോണ്‍ സാമുവല്‍ അടൂര്‍ വിശദമാക്കി. ആളുകള്‍ മരുന്ന് തിന്നും തിന്നാതയും അന്നും ഇന്നും മരിക്കുന്നുണ്ട്. മിക്കവരും മിക്കവാറും ചിക്ല്‍ത്സകള്‍ സ്വീകരിക്കുന്നത് അന്നന്ന് സമൂഹങ്ങളില്‍ പ്രബലമായ രീതികള്‍ കൊണ്ടും അങ്ങനെയുള്ള രീതിയില്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന വിശ്വാസ്യത കൊണ്ടുമാണ്.
ഒരു ജേക്കബ് വടക്കുംചേരിയെ ജയിലില്‍ പിടിച്ചിട്ടാല്‍ തീരുന്നതല്ല മനിഷ്യന്റെ വിശ്വാസത്തിന്റെയും പ്രബല വിശ്വാസത്തിന്റെയും പ്രശ്‌നങ്ങള്‍. അതുപോലെ എന്തൊക്കെ കാര്യങ്ങള്‍ ഇവിടെ പരസ്യമായും രഹസ്യമായും നടക്കുന്നു . എല്ലാ മതങ്ങളിലും രോഗ ശമന ഏര്‍പ്പാടുകളും വിശ്വാസ അന്ധവിശ്വാസ ധാരകളും ഉണ്ട് . ജേക്കബ് വടക്കുംചേരിയെ അവരെ എല്ലാവരെയും പോലെ എത്ര ആയിരങ്ങളെ ജയിലില്‍ നിറച്ചാല്‍ പ്രശ്‌നം തീരുമോയെന്നും ജോണ്‍ സാമുവല്‍ ചോദിക്കുന്നു.
അതേസമയം അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ റിമാന്റ് ചെയ്തു. ഈ മാസം 21 വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് റിമാന്റ് ചെയ്തത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.