കന്യാസ്ത്രീയുടേത് മുങ്ങി മരണം ; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പത്തനാപുരം : കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ട്.
അതേസമയം, അന്വേഷണ സംഘം ഇന്നും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.
മൗണ്ട് താബൂര്‍ ദേറയിലെ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കീഴ്ക്കാതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു. സ്വയം കൈ മുറിച്ചതാകാം എന്നാണ് ഇന്നലെ ലഭിച്ച സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിത്.
ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. നടപടികളുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തുന്നുണ്ട്.