വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം: വിശ്വാസികള്‍ക്കും നേതൃത്വത്തിനും ഒരു പുനര്‍വിചിന്തനത്തിന് ഇനിയും സമയമുണ്ടോ
പോള്‍ മാളിയേക്കല്‍
എഴുപതുകളില്‍ വിയന്നയില്‍ കാലുകുത്തിയ മലയാളികളില്‍ നിന്ന് തന്നെ തുടങ്ങട്ടെ. എട്ടുംപൊട്ടും അറിയാത്ത ഒരു നാട്ടില്‍ വന്ന്ചേര്ന്നെങ്കിലും ക്രിസ്തിയ പാരമ്പര്യത്തില്‍ വളര്‍ന്നവര്‍ക്ക് ഒരു മലയാളം കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് ഒരു അഗ്രവും അതിലേറെ ആവശ്യവുമായിരുന്നു. വിയന്നയിലെ അന്നത്തെ കൊച്ചു സമൂഹത്തില്‍ മലയാളി വൈദീകരും ഉണ്ടെന്നറിഞ്ഞ് അവരെ തേടിപ്പിടിച്ച് അവര്‍ ജോലിചെയ്യുന്ന ആശുപത്രിയുടെ കപ്പേളയില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ദിവ്യബലി അര്‍പ്പിക്കുന്നതിന് അവസരമുണ്ടായിരുന്നത് ഇന്നും കെടാത്ത ഓര്‍മ്മകളാണ്.
മലയാളി സമൂഹം വളര്‍ന്നപ്പോള്‍ അവരുടെ ആഗ്രഹവും ഏറിവന്നു. വിയന്ന അതിരൂപതയുടെ ഭരണത്തിന് കീഴില്‍ അന്യഭാഷാ സംസകാരത്തില്‍ കുടിയേറിയവര്‍ക്കായി ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു മലയാളി വൈദികനെ അനുവദിച്ചു. അതോടെ എല്ലാ ഞായറാഴ്ചകളിലും ഷോട്ടെന്ടോറുള്ള ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മലയാളത്തില്‍ ദിവ്യബലി ഉണ്ടായിരുന്നു. ദിവ്യബലിയില്‍ എല്ലാ ക്രിസ്തീയ വിഭാഗക്കാരും പങ്കെടുത്തിരുന്നു. കുടുംബവും കുട്ടികളും ആയപ്പോള്‍ അവരെ കൂടുതല്‍ ക്രിസ്തീയ പാരമ്പര്യത്തിലേക്കും, മലയാള സംസ്കാരത്തിലേക്കും അടുപ്പിക്കാന്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, കായിക വിനോദങ്ങള്‍, ഉല്ലാസ യാത്രകള്‍, കൂട്ടായ്മകള്‍, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
വൈദീകര്‍ പലരും മാറി മാറി വന്നു ഒപ്പം സമൂഹവും വളര്‍ന്നു. എല്ലാവര്ക്കും ഒരുമിച്ച് കൂടാനും ദിവ്യബലി അര്‍പ്പിക്കാനും സ്ഥല പരിമിതി വന്നു. അക്കാരണത്താല്‍ ദൂരെയുള്ളവര്‍ കുര്‍ബ്ബാനക്ക് പോകാതെയായി അവരവരുടെ ചെറിയ കൂട്ടായ്മയില്‍ അടുത്തുള്ള ലത്തിന് പള്ളിയില്‍ നാട്ടുകാരോടൊപ്പം ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നു. നിരവധിപേര്‍ ഡോണാവു ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് അവിടുത്തെ കപ്പേളയിലും മലയാളികള്‍ കുര്‍ബാനക്ക് വന്നിരുന്നു. ഇവിടെയും മലയാളി സമൂഹം ഏറിവന്നപ്പോള്‍ എന്റെ മനസ്സില്‍ ഒരാശയം ഉദിച്ചു. ഈ കപ്പേളയില്‍ എല്ലാ ഞായറാഴ്ചയും ദിവ്യബലി അര്‍പ്പിക്കാന്‍ അവസരം കിട്ടുമോ എന്നത്. ഒരു ദിവസം ഹോസ്പിറ്റലിലെ ആത്മീയ കാര്യങ്ങളുടെ തലവനുമായി കൂടിയിരുന്ന് ഞാനിക്കാര്യം അവതരിപ്പിച്ചു. അവര്‍ വളരെ സന്തോഷത്തോടെയാണ് എന്റെ അപേക്ഷ സ്വീകരിച്ചത്. നമ്മള് ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ടിന്റെ കീഴിലായതുകൊണ്ട് അവരുടെ അനുവാദം കൂടാതെ നമ്മുടെ സ്വന്തം ഇഷ്ട്ടത്തില്‍ മലയാളത്തില്‍ വേറെങ്ങും ദിവ്യബലി അര്‍പ്പിക്കാന്‍ അനുവാദമില്ലായിരുന്നു. തുടര്‍ന്ന് പരേതനായ ഫാ. ചാണ്ടി കളപ്പുരയ്ക്കലും ഞാനും കൂടി ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ടിന്റെ ഡയറക്ടറായ പെത്രൂസ് ബെസ്റ്റെ എന്ന വൈദികനെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
ആത്മീയത നശിച്ച് കൊണ്ടിരിക്കുന്ന രാജ്യത്ത് അന്യദേശത്ത് നിന്ന് വന്ന നമ്മള് ആത്മീയതയെ ഉയര്‍ത്തികൊണ്ട് വരാന്‍ ശ്രമിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. ഒരാഴ്ചക്കകം വിയന്ന അതിരൂപതയുടെ മേലധ്യക്ഷനായ കര്‍ദിനാളിന്റെ അനുവാദത്തോടെ പേത്രൂസ് അച്ചന്റെ നേതൃത്വത്തില്‍ ഫാ. ചാണ്ടി അന്നത്തെ ചാപ്പലില്‍ ആദ്യത്തെ ദിവ്യബലി ഡോണാവ് ഹോസ്പിറ്റല്‍ കപ്പേളയില്‍ അര്‍പ്പിച്ചു. അന്നുമുതല്‍ എല്ലാ ഞായറാഴ്ചയും ഈ കപ്പേളയില്‍ ദിവ്യബലി നടന്നു. പുതിയ തലമുറയിലെ മലയാളമറിയാവുന്ന കുട്ടികളെ കുര്‍ബാനക്ക് സഹായികളാക്കുകയും, ലേഖനം വായിക്കുവാന്‍ പഠിപ്പിക്കുകയും ചെയ്തു. അത് വലിയൊരു മാറ്റാത്തതിന് വഴിയൊരുക്കി. കൂടുതല്‍ കുട്ടികള്‍ മലയാളം പഠിക്കുകയും ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റഡ് ലൗവിലുള്ള മരിയ ഹില്‍ഫ് പള്ളിയില്‍നിന്ന് ഫിലിപ്പീന് കമ്മ്യുണിറ്റി മാറുകയാണെന്ന വിവരം അറിഞ്ഞു. അതൊരവസരമായി കണ്ട് പെത്രൂസ് അച്ചന്റെ സഹായത്താല്‍ മലയാളം കുര്‍ബാനയും അതിനോടനുബന്ധിച്ച് വേദപാഠക്ലാസ്സും ഈ പള്ളിയിലേക്ക് മാറ്റുവാനും കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ കേരളസഭയുടെ വിയന്നയിലെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ സാധിച്ചത് ഇപ്പോഴും ഒരുക്കുന്നു.
ഈ അദ്ധ്വാനമെല്ലാം ഇല്ലാതായി പോകുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ സങ്കടപെടുന്നു. പള്ളി പൊളിച്ച് അവിടെ വീട് നിര്‍മ്മിക്കുക എന്നത് രൂപതയുടെ തീരുമാനമാണ്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ക്ക് മുന്നേ എടുത്ത തീരുമാനമാണിത് ഇതറിഞ്ഞിട്ടും നമ്മളാരും ഇതിനെ ഗൗരവമായിട്ടെടുത്തില്ല. അതിരൂപതയുടെ കീഴില്‍ ധാരാളം പള്ളികളില്‍ ആവശ്യത്തിലധികം സൗകര്യങ്ങളുണ്ട്. അതിനായി നമ്മള് കുറേപേര്‍ ചെന്ന് ചോദിച്ചാല്‍ ആരും താക്കോലെടുത്ത് കയ്യില്‍ തരില്ല. അന്യ സംസ്കാരത്തില്‍ വളര്‍ന്ന് വന്നവരായ മലയാളികള്‍ക്ക് ഈ കാര്യങ്ങളില്‍ പരിധിയുണ്ട്. അതുകൊണ്ടുതന്നെ നമ്മള് അതിരൂപതയുടെ മേലധികാരുടെ സമക്ഷം അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. അവര്‍ മുഖാന്തിരം മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുകയുള്ളൂ. ഓസ്ട്രിയന്‍ മണ്ണില്‍ അവരുടെ അനുവാദത്തോടെയും സഹകരണത്തോടെയും മാത്രമേ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ പറ്റുകയുള്ളൂ.
ഇതിനായി ആരെങ്കിലും മുന്‍കൈ എടുത്തോ എന്നത് സംശയാസ്പദമാണ്. എന്തോ ഒരു താല്പര്യക്കുറവ് ഇവിടെ നിഴലിച്ചു കാണുന്നു. സഭാ നേതൃത്വം വിശാസികളും ഈ വഴിയ്ക്കു എത്രമാത്രം മുന്നോട്ടുപോയി എന്നറിവില്ല. വാര്‍ഷിക സംഭാവന വിശ്വാസികളില്‍ പകുതിപേരും കൊടുക്കുന്നില്ല. വേദപാഠം പൂര്‍ത്തിയാക്കിയ കുട്ടികള്‍ പിന്നീട് മലയാളം കുര്‍ബാനയ്ക്കു വരുന്നതേയില്ല. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാലും അവര്‍ ആ ഭാഗത്ത് പോലും വരുന്നില്ല.
വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹം ദീര്‍ഘ വീക്ഷണമില്ലാത്ത ഒരു സമൂഹമായി മാറിപ്പോയി. സുതാര്യത വാക്കില്‍ മാത്രം ഒതുക്കി. മലയാളി കത്തോലിക്കാ സമൂഹത്തില്‍ സാധാരണയുള്ള കുര്‍ബാന ഒഴികെ വേറെ എന്തെല്ലാം നടക്കുന്നുണ്ട്, ഏതെല്ലാം കൂട്ടായ്മകള്‍ പള്ളിയുടെ നേതൃത്വത്തില്‍ നടത്താം, അതുവഴി കൂടുതല്‍ വിശ്വാസികള്‍ ഒത്തുചേരുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. കുട്ടികള്‍ക്ക് കായിക വിനോദം, കലാസാംസ്കാരിക വേദി, ഉല്ലാസ യാത്രകള്‍, സെമിനാറുകള്‍, യുവതീയുവാക്കള്‍ക്ക് അവരുടെ മനസുകള്‍ മനസിലാക്കി കുടുംബ നവീകരണത്തിനായുള്ള പരിപാടികള്‍ ഇതെല്ലാം നമ്മുടെ കത്തോലിക്കാ സമൂഹത്തില്‍ അന്യമായി.
നമ്മുടെ എം.സി.സിയ്ക്ക് എത്രമാത്രം സാമ്പത്തീക ഭദ്രതയുണ്ട്. ഈ സമൂഹത്തിലെ ആര്‍ക്കെങ്കിലും അതറിയാമോ? എന്നെങ്കിലും ഈ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ? മാസത്തില്‍ ഒരിക്കല്‍ ഞായറാഴ്ച്ച പിരിവു എത്രയെന്നു വെളിപ്പെടുത്തുക. കൊല്ലവസാനം എത്ര വരുമാനം, എത്ര ചെലവ്, എത്ര ബാക്കി എന്നി കാര്യങ്ങള്‍ പരസ്യമായി പള്ളിയില്‍ പറയുക. എന്തെങ്കിലും ബാധ്യതയുണ്ടെങ്കില്‍ മാന്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഏതൊരു സത്യവിശ്വാസിയും ഒരു മടിയും കൂടാതെ സഹകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.
‘നിങ്ങള്‍ പള്ളി കണ്ടുപിടിച്ചോ. ഞങ്ങളുടെ സൗകര്യം പോലെ കുര്‍ബാന ചൊല്ലിയേക്കാം’ എന്നത് ഒരു നേതൃത്വത്തിനും ചേര്‍ന്നതല്ല. ഇവിടെ വൈദികരുടെ വിശ്വാസികളില്‍ നിന്നുമുള്ള അകല്‍ച്ചയാണ് എടുത്തുകാണിക്കുന്നത്. കാണാതെപോയ ആട്ടിന്കുട്ടിയെത്തേടി ഇടയന് പോയതുപോലെ, ചുങ്കക്കാരനായ സക്കേവൂസിന്റെ ഭാവനത്തിലേയ്ക്ക് ദൈവപുത്രന് കടന്നുചെന്നതുപോലെ, വിശ്വാസികളുടെ മനസിലേയ്ക്ക് വൈദീകര്‍ കടന്നു ചെല്ലണം. അല്ലാതെ ദുരന്തമേഖലയില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന രാഷ്ട്രീയ നേതൃത്വമാകരുത് സഭാ നേതൃത്വം. മദുബഹയില്‍ നിന്ന് വാതോരാതെ പ്രസംഗിച്ചാല്‍ മാത്രം മതി വിശ്വാസികള്‍ ഓടിക്കൂടും എന്ന ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിശാസികള്‍ ഇല്ലെങ്കില്‍ സഭയുണ്ടോ?
വിശ്വാസികളെ സംരക്ഷിക്കേണ്ടതും അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റണ്ടതും സഭാ നേതൃത്വത്തിന്റെ കടമയാണ്. അവിടെ ഈഗോ എന്ന കുരിശ് പൊക്കിപ്പിടിച്ചു അതില്‍ നിങ്ങളെ തറയ്ക്കും എന്ന് ആക്രോശം ഒരു നേതൃത്വത്തിനും ചേര്‍ന്നതല്ല. പോരായ്മകള്‍ തിരുത്തി ആവശ്യങ്ങള്‍ മുന്നില്‍കണ്ട് ഭാവിതലമുറയെ ആധ്യാത്മികതയില്‍ വളര്‍ത്തി അവരെ വീടിനും നാടിനും സമൂഹത്തിനും മാതൃകയാക്കുവാന്‍ നമ്മള് ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ സഭ ഒരിടത്തും എത്തില്ല.
നമ്മുടെ സമൂഹത്തിനാവശ്യം ദീര്‍ഘവീക്ഷണമുള്ള ആത്മാര്‍ത്ഥതയുള്ള തെറ്റുകളെ ചൂണ്ടിക്കാണിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിശ്വാസികളെയാണ്. അല്ലാതെ എന്തിനും ഏതിനും തലകുനിച്ചു സമ്മതം മൂളുന്ന നട്ടല്ലില്ലാത്ത സ്ഥാനമാനങ്ങള്‍ തേടിയെത്തുന്നവരെയല്ല. സഭാ നേതൃത്വത്തിന് ഇവരെയാണ് ആവശ്യമെങ്കില്‍ വിശ്വാസ തകര്‍ച്ചയുടെ വേരില്‍ കത്തിവച്ചു കഴിഞ്ഞു എന്ന് വേണം മനസിലാക്കാന്‍.
കാലത്തിനു അനുസരിച്ചു സഭയിലും മാറ്റങ്ങള്‍ വേണം. അതിനായി സഭാ നേതൃത്വത്തിലും മാറ്റം വരണം. വിവേകമുള്ള പുതിയ നേതൃത്വം ഉണ്ടാകണം. പഴയവര്‍ ഉപദേശകരയായി മാറണം. അല്ലാതെ രാഷ്ട്രിയക്കാരെപോലെ ഒരിക്കലും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ദയനീയമാണ്. ഭരണത്തില്‍ പുരോഗതി ഉണ്ടാകാത്തത് കസേരയിലുള്ള ഈ അള്ളിപ്പിടുത്തമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സഭാനേതൃത്വത്തതിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാതെയിരിക്കാന്‍ സഭാ നേതൃത്വത്തിനും വിശ്വാസികള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. അതിന് വേണ്ട ബോധ്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിശാസികള്‍ ശ്രമിക്കേണ്ടതുണ്ട്.