ലോകം മുഴുവന്‍ പ്രസംഗിക്കാന്‍ നടക്കുന്ന മോദി ഇന്ധനവിലയെ കുറിച്ച് മിണ്ടുന്നില്ല : രാഹുല്‍ഗാന്ധി
ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ് എന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ദില്ലിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. മോദി സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാര്‍ക്കു മാത്രമാണ് നേട്ടമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ മോദി തമ്മിലടിപ്പിക്കുന്നു. രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. റഫാല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. മാധ്യമങ്ങള്‍ ഭയപ്പെടാതെ വസ്തുതകള്‍ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ എഴുപതു വര്‍ഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വര്‍ഷംകൊണ്ട് ഉണ്ടായെന്നാണ് മോദി പറയുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വര്‍ധിച്ച സാഹചര്യവും ഉണ്ടായിട്ടില്ല എന്നും രാഹുല്‍ പറയുന്നു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിഷേധ റാലിയില്‍ എത്തി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശര്‍മ്മ, തുടങ്ങിയവരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരത് പവാര്‍, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി.
ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളില്‍ ഇന്ധന വില ഉയര്‍ത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.